സഹര്‍സ (ബിഹാര്‍): മാഫിയ തലവനും ബിഹാർ പീപ്പിൾസ് പാർട്ടി സ്ഥാപക നേതാവുമായ ആനന്ദ് മോഹന്‍ ജയില്‍ മോചിതനായി. ബിഹാറിലെ സഹര്‍സ മണ്ഡല്‍ ജയിലിലായിരുന്നു മുന്‍ എംപി ആയിരുന്ന ആനന്ദ് മോഹന്‍. നിതീഷ് കുമാർ സർക്കാർ അടുത്തിടെ ബിഹാർ പ്രിസൺ മാനുവൽ 2012 ലെ റൂൾ 481 (i) ഭേദഗതി ചെയ്‌തതിനെ തുടർന്ന് 27 തടവുകാരെ വിട്ടയക്കാൻ അറിയിപ്പ് ലഭിച്ചിരുന്നു. ഇവരില്‍ ഒരാളാണ് ആനന്ദ് മോഹന്‍.
ഈ ഭേദഗതിയിലൂടെ 'ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍റെ കൊലപാതകം' എന്ന വകുപ്പ് റൂൾബുക്കിൽ നിന്ന് നീക്കം ചെയ്‌തു. ഡ്യൂട്ടിക്കിടെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ മോചിപ്പിക്കുന്നത് ഈ വകുപ്പ് നേരത്തെ നിരോധിച്ചിരുന്നു. 1994 ഡിസംബർ അഞ്ചിനാണ് കേസിന് ആസ്‌പദമായ സംഭവം.
ബിഹാറിലെ മുസാഫർപൂരിൽ വച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ജി കൃഷ്‌ണയ്യയെ കൊലപ്പെടുത്തിയ കേസിലാണ് മാഫിയ നേതാവ് ആനന്ദ് മോഹനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസില്‍ കീഴ്‌ക്കോടതി വധശിക്ഷയാണ് ആനന്ദ് മോഹന് വിധിച്ചിരുന്നത്. എന്നാല്‍ ആനന്ദ് പട്‌ന ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2008 ൽ പട്‌ന ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2012ൽ സുപ്രീം കോടതിയും പട്‌ന ഹൈക്കോടതിയുടെ വിധി ശരിവച്ചു.
കൃഷ്‌ണയ്യയുടെ കൊലപാതകത്തില്‍ 14 വര്‍ഷം ഇതിനോടകം ആനന്ദ് തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആനന്ദിന്‍റെ മോചനത്തിനായി സര്‍ക്കാരിന് മേല്‍ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മകൻ ചേതൻ ആനന്ദിന്‍റെ വിവാഹത്തിനായി 15 ദിവസത്തെ പരോളിന് ശേഷം ബുധനാഴ്‌ചയാണ് ആനന്ദ് മോഹന്‍ ജയിലില്‍ മടങ്ങിയെത്തിയത്. പിന്നാലെയാണ് മോചനം.
ആനന്ദിന്‍റെ മോചനത്തില്‍ പ്രതിഷേധം: അതേസമയം ആനന്ദ് മോഹന്‍റെ മോചന ഉത്തരവ് വന്നതുമുതല്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളും ദലിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയും കൊല്ലപ്പെട്ട കൃഷ്‌ണയ്യയുടെ കുടുംബവും ആനന്ദ് മോഹന്‍റെ മോചനത്തെ എതിർത്തു. രഹസ്യമായി ആനന്ദ് മോഹനെ മോചിപ്പിക്കുന്നതില്‍ ബിജെപിയും എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വിജയ് സിൻഹയും രാജ്യസഭ എംപി സുശീൽ മോദിയും മോചനത്തെ എതിർത്തപ്പോൾ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, മുൻ മന്ത്രി അമരേന്ദ്ര പ്രതാപ് സിങ് തുടങ്ങിയ നേതാക്കൾ ആനന്ദിന്‍റെ മോചനത്തെ പിന്തുണച്ചു.
ജയിൽ ചട്ടങ്ങൾ തിരുത്തി നിതീഷ് കുമാർ സർക്കാർ തെറ്റായ മാതൃക കാട്ടിയിരിക്കുകയാണെന്ന് ആനന്ദ് മോഹന്‍റെ മോചനത്തോട് പ്രതികരിച്ചുകൊണ്ട് കൊല്ലപ്പെട്ട കൃഷ്‌ണയ്യയുടെ മകൾ പത്മ പറഞ്ഞു. 'ആനന്ദ് മോഹൻ സിങ് ഇന്ന് ജയിൽ മോചിതനായത് ഞങ്ങൾക്ക് നിരാശാജനകമാണ്. സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം. ഈ തീരുമാനത്തെക്കുറിച്ച് രണ്ടാമത് ആലോചിക്കണമെന്ന് നിതീഷ് കുമാർ ജിയോട് ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു കുടുംബത്തോട് മാത്രം കാണിക്കുന്ന അനീതിയല്ല. രാജ്യത്തോട് കാണിക്കുന്ന അനീതിയാണ്. ഇതിനെതിരെ ഞങ്ങൾ അപ്പീൽ നൽകും' -പത്മ പറഞ്ഞു.
ആനന്ദ് മോഹന്‍റെ മോചനത്തിനെതിരെ പൊതുജനങ്ങൾ പ്രതിഷേധിക്കുമെന്ന് കൃഷ്‌ണയ്യയുടെ ഭാര്യ ഉമ ദേവി പറഞ്ഞു. 'ആനന്ദിനെ വിട്ടയക്കുന്നത് തെറ്റായ തീരുമാനമാണ്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്. ഭാവിയിൽ ആനന്ദ് മോഹൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പൊതുജനങ്ങൾ അദ്ദേഹത്തെ ബഹിഷ്‌കരിക്കണം. അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചയക്കാൻ ഞാൻ അഭ്യർഥിക്കുന്നു' -ഉമ ദേവി പറഞ്ഞു.