പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): ക്രിമിനല്‍ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന മാഫിയ തലവന്‍ ആതിഖ് അഹമ്മദിനെ സബർമതി ജയിലിൽ നിന്ന് പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലെത്തിച്ചു. മുന്‍ എംപി കൂടിയായ ആതിഖ് അഹ്‌മ്മദിനെ യുപി പൊലീസിന്‍റെ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് തിങ്കളാഴ്‌ച (27.03.23) വൈകുന്നേരത്തോടെ നൈനി സെൻട്രൽ ജയിലിലെത്തിച്ചത്. ആതിഖിന്‍റെ സഹോദരന്‍ അഷ്‌റഫിനെയും ഇന്ന് വൈകുന്നേരത്തോടെ നൈനി സെൻട്രൽ ജയിലിലെത്തിച്ചിരുന്നു.
കനത്ത സുരക്ഷയും പ്രത്യേക ബാരക്കും: കനത്ത സുരക്ഷ ക്രമീകരണങ്ങളൊരുക്കിയാണ് ആതിഖ് അഹമ്മദിനെ ജയിലിലേക്ക് കൊണ്ടുവന്നത്. തിങ്കളാഴ്‌ച വൈകുന്നേരം 5.26 ഓടെ ഇയാളുമായുള്ള പൊലീസിന്‍റെ വാഹനവ്യൂഹം സെൻട്രൽ ജയിലിൽ പ്രവേശിച്ചു. തുടര്‍ന്ന് 5.28 ഓടെ ആതിഖുമായി വന്ന കാര്‍ നേരിട്ട് ജയില്‍ ഗെയിറ്റിനുള്ളില്‍ കയറിയ ശേഷം ഇയാളെ ഇറക്കുകയായിരുന്നു. മാത്രമല്ല ഇയാളെ ജയിലിന്‍റെ ഗേറ്റിനുള്ളിൽ എത്തിച്ചയുടൻ സുരക്ഷയിൽ വിന്യസിച്ചിരുന്ന പൊലീസുകാർക്ക് പ്രത്യേക ജാഗ്രത നിർദേശവും നൽകി.
ഉടന്‍ തന്നെ ഇയാളെ പ്രത്യേകമൊരുക്കിയ ബാരക്കിലേക്കും മാറ്റി. അല്‍പസമയത്തിന് ശേഷം ജയിലിലേക്ക് കൊണ്ടുവന്ന ഇയാളുടെ സഹോദരന്‍ അഷ്‌റഫിനെയും മറ്റൊരു ബാരക്കിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകള്‍ തമ്മില്‍ വളരെയധികം ദൂരവ്യത്യാസമുണ്ട്.
ഇരുവരെയും എത്തിച്ചതിന് പിന്നാലെ ആതിഖിന്‍റെ മകന്‍ അലിയെ മറ്റൊരു ബാരക്കിലേക്കും മാറ്റിയിരുന്നു. എന്നാല്‍ മുമ്പ് ഇവര്‍ മൂന്നുപേരെയും ഒരേ തടവറയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
നീതിപീഠത്തില്‍ വിശ്വസിച്ച്: ആതിഖിന്‍റെ സഹോദരി ആയിഷ നൂരിയും അഹമ്മദാബാദ് നിന്നുള്ള ആതിഖിന്‍റെ അഭിഭാഷകരായ രണ്ടുപേരും വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്ന് അതിഖിന്‍റെ സഹോദരി മാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി. സത്യത്തെ പിന്തുണയ്‌ക്കുന്ന വിധി കോടതി നല്‍കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിഎസ്‌പി എംഎല്‍എ ആയിരുന്ന രാജുപാല്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രയാഗ്‌രാജ് കോടതി നാളെയാണ് (28.03.23) വിധിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അതിഖ് അഹമ്മദിനെ യുപി പൊലീസ് പ്രയാഗ്‌രാജിലേക്കെത്തിച്ചത്. എന്നാല്‍ കേസില്‍ 2019 ജൂണിലാണ് അതിഖ് അഹമ്മദിനെ സബര്‍മതി ജയിലിലേക്ക് മാറ്റുന്നത്. വ്യവസായി മോഹിത് ജയ്‌സ്വാളിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.
ഉമേഷ് പാല്‍ വധം: എന്നാല്‍ രാജുപാല്‍ കൊലപാതകക്കേസിലെ മുഖ്യസാക്ഷിയായിരുന്ന ഉമേഷ് പാല്‍ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ടിരുന്നു. പ്രയാഗ്‌രാജിലുള്ള വീട്ടില്‍ വച്ച് വെടിയേറ്റായിരുന്നു ഉമേഷ് പാല്‍ കൊല്ലപ്പെട്ടത്. ഇയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉമേഷ് പാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഉമേഷ് പാലിനെ ആക്രമിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ കേസില്‍ പ്രതികളായ രണ്ടുപേര്‍ നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Also Read:'അവര്‍ എന്നെ എന്‍കൗണ്ടറില്‍ കൊല്ലും' ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുണ്ട നേതാവ് അതിഖ് അഹമ്മദ്