ലഖ്‌നൗ : മുന്‍ എംപിയും മാഫിയ തലവനുമായ അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും കൊലപാതകത്തെ തുടര്‍ന്ന് സുരക്ഷ ചുമതലയിലുണ്ടായിരുന്ന 17 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശനിയാഴ്‌ച രാത്രി 10 മണിയോടെ വൈദ്യപരിശോധനയ്‌ക്കായി എത്തിച്ചപ്പോള്‍ അതിഖും സഹോദരനും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം നിറയൊഴിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ് പൊലീസുദ്യോഗസ്ഥനും : ശനിയാഴ്‌ച രാത്രി 10 മണിയോടെ മൂന്ന് ഗണ്‍മാന്‍മാരുടെ അകമ്പടിയോടെയാണ് ഇരുവരും മാധ്യമങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഝാന്‍സിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ അതിഖിന്‍റെ മകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അന്ത്യകര്‍മ്മങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയാണ് അക്രമികള്‍ അതിഖിനെയും സഹോദരനെയും വെടിവച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരന്‍റെ കൈക്ക് വെടിയേറ്റിട്ടുണ്ട്.
മാത്രമല്ല വെടിവയ്പ്പിനെ തുടർന്നുണ്ടായ ബഹളത്തിനിടെ വീണ് ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം കൊലപാതകം അന്വേഷിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
നിരോധനാജ്ഞയും ഇന്‍റര്‍നറ്റ് വിച്ഛേദനവും: കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല സുരക്ഷാനടപടികളുടെ ഭാഗമായി പ്രയാഗ്‌രാജ് ജില്ലയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ്.
സംഭവം ഇങ്ങനെ : ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് നടുറോഡിൽ വച്ച് അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് യുപി എസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്.
എന്നാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നുമായിരുന്നു ഇതിനോടുള്ള സുപ്രീം കോടതിയുടെ നിർദേശം.
സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചയ്ക്കിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹത്തിന്‍റെ നിർദേശം.