മധുര : വരന്‍റെ പിതാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍. വെള്ളിയാഴ്‌ച അര്‍ധരാത്രി മധുര പെരിയാർ ബസ് സ്റ്റാൻഡിലാണ് സംഭവം. തിദിർ നഗർ സ്വദേശിയായ പ്രതി സദൈയാണ്ടി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
അയല്‍വാസിയായ രാമചന്ദ്രന്‍റെ മകന്‍ ശിവപ്രസാദ് പ്രതിയുടെ മകള്‍ സ്‌നേഹയുമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളും വ്യത്യസ്‌ത സമുദായമായതിനാല്‍ പെൺകുട്ടിയുടെ ബന്ധുക്കൾ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇത് അവഗണിച്ച് മാർച്ച് നാലിന് ഇവര്‍ വിവാഹിതരായി.
ഇത് പെൺകുട്ടിയുടെ പിതാവിനെ ചൊടിപ്പിച്ചു. സംഭവത്തില്‍ പ്രകോപിതനായ സദൈയാണ്ടി പെരിയാർ ബസ് സ്റ്റാൻഡിൽ വച്ച് വരന്‍റെ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രാമചന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. പ്രതിയെ ചോദ്യംചെയ്യുന്നത് പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.