ചെന്നൈ: 'ദൈവ'ത്തെ കോടതിയില്‍ ഹാജരാക്കണമെന്ന കുംഭകോണം കോടതിയുടെ വിചിത്ര സമന്‍സില്‍ നെറ്റി ചുളിക്കാത്തവര്‍ വിരളമായിരിക്കും. ഇതെന്ത് ഉത്തരവെന്ന് ആളുകള്‍ മുഖത്തോടു മുഖം നോക്കി പറയുന്നതിനിടെയാണ്, സമാന അഭിപ്രായവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്. ഹൈക്കോടതിയുടെ വിയോജിപ്പോടുകൂടി സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടി.
വിചിത്ര ഉത്തവിന് പിന്നില്‍
തിരുപ്പൂർ ജില്ലയിലെ സിവിരിപാളയത്തുള്ള പരമശിവൻ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോവുകയുണ്ടായി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ വിഗ്രഹം കണ്ടെത്തി. തുടര്‍ന്ന് 'ആഗമ' ആചാരം പാലിച്ച് ശ്രീകോവിലിൽ വിഗ്രഹം പുനഃസ്ഥാപിച്ചു. ഈ കേസ് പരിഗണിയ്‌ക്കുന്നതിന്‍റെ ഭാഗമായി കുംഭകോണം കോടതി ശിവ വിഗ്രഹം കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.
ALSO READ: റിപ്പബ്ലിക് ഡേ പരേഡ്; 2,155 എൻസിസി കേഡേറ്റുകൾ പങ്കെടുക്കും
ഉത്തരവ് വിവാദമായതോടെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഈ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കീഴ്‌ക്കോടതി ജഡ്‌ജിക്ക് പകരം അഡ്വക്കേറ്റ് കമ്മിഷണര്‍ വിഗ്രഹം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഹൈക്കോടതി ജസ്റ്റിസ് ആർ സുരേഷ് കുമാറിന്‍റേതാണ് ഉത്തരവ്. വിഗ്രഹം കോടതിയില്‍ ഹാജരാക്കേണ്ടതില്ല. ഭക്തരുടെ വിശ്വാസമനുസരിച്ച് അത് ദൈവമാണെന്നും ഉത്തരവില്‍ പറയുന്നു.
'വിഗ്രഹത്തിന്‍റെ ദൈവികതയെ ബാധിക്കരുത്'
ഒരു ക്രിമിനൽ കേസിന്‍റെ ഭൗതിക വസ്‌തു പോലെ, കേവലം പരിശോധനയ്ക്ക് വേണ്ടി വിഗ്രഹം ഹാജരാക്കാന്‍ സമന്‍സ് അയയ്‌ക്കാനാവില്ല. വിഗ്രഹത്തിന്‍റെ ദൈവികതയെ ബാധിക്കാതെ, ഭക്തജനങ്ങളുടെ വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാവാതെ ജഡ്‌ജിയ്‌ക്ക് നേരത്തേ അഡ്വക്കേറ്റ് കമ്മിഷണറെ നിയോഗിക്കാമായിന്നു. മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആർ സുരേഷ് കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.