മടിക്കേരിയില്‍ തോക്ക് പരിശീലനം നല്‍കി ബജ്‌റംഗ്‌ദള്‍, കർണാടകയില്‍ രാഷ്‌ട്രീയ വിവാദം ; കേസെടുത്ത് പൊലീസ് - തോക്ക് പരീശീലനം നല്‍കി ബജ്‌റംഗ്‌ദള്‍
നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിലാണ് ബജ്‌റംഗ്‌ദള്‍ തോക്ക് പരീശീലനം നല്‍കിയത്
കുടക് : കർണാടകയിലെ മടിക്കേരി ജില്ലയിൽ പരിശീലന ക്യാമ്പിൽ എയർ ഗൺ ഉപയോഗിച്ച് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍. നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിലാണ് തോക്ക് ഉപയോഗിച്ചുള്ള പരിശീലനം. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മടിക്കേരി പൊന്നമ്പേട്ട് നഗരത്തിലെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ക്യാമ്പിലെ തോക്കുപയോഗത്തില്‍ പി.എഫ്.ഐ അംഗം ഇബ്രാഹിമാണ് പരാതി നല്‍കിയത്. മെയ് അഞ്ചിനും 11നുമിടയിലായിരുന്നു ക്യാമ്പ്. സംസ്ഥാനത്തെ നിയമവാഴ്‌ചയുടെ അഭാവത്തിന് ഉദാഹരണമാണിതെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതിലൂടെ ബജ്റംഗ്‌ദള്‍ നിയമത്തെ വെല്ലുവിളിച്ചു. കർണാടകയിൽ ഒരു ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ഭരണത്തിലുണ്ടോ?" സിദ്ധരാമയ്യ നിയമ സഭയില്‍ ചോദിച്ചു.
സംഭവം, വിവാദമായതോടെ നിയമവിരുദ്ധമായ ഒരു പരിപാടിയും സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം, ആയുധ നിയമം ഉൾപ്പടെയുള്ള ഒരു നിയമവും ക്യാമ്പ് ലംഘിച്ചിട്ടില്ലെന്ന് ബജ്‌റംഗ്‌ദള്‍ മാധ്യമങ്ങളെ അറിയിച്ചു. പരിശീലന വേളയിൽ ഉപയോഗിക്കുന്ന എയർ ഗണ്ണുകളും ത്രിശൂലങ്ങളും ആയുധ നിയമത്തിന്‍റെ നിയന്ത്രണത്തിൽ വരുന്നതല്ലെന്നാണ് സംഘടനയുടെ വാദം.
TAGGED:
Siddaramaiah demands action