സിധി : സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം, ജീവന്‍ നഷ്‌ടപ്പെട്ട മറ്റൊരു പുലിയുടെ കുഞ്ഞുങ്ങളെയും പരിപാലിച്ച് മധ്യപ്രദേശ് സഞ്ജയ് ദുബ്രി നാഷണൽ പാര്‍ക്കിലുള്ള അമ്മ പുലി. ഉദ്യാനത്തിലെ T-28 എന്ന പുലിയാണ് ഏഴ് കുഞ്ഞുങ്ങളെ ഒരേ സമയം പരിചരിക്കുന്നത്. ദേശീയോദ്യാനത്തിലെ T-18 എന്ന പുലിയാണ് മരിച്ചത്.
2022 മാര്‍ച്ച് 16 നാണ് റെയില്‍വേ ട്രാക്കിന് സമീപത്തായി പുലിയുടെ ജഡം കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് സഞ്ജയ് ദുബ്രി ടൈഗർ റിസർവ് ഫീൽഡ് ഡയറക്‌ടർ വൈ പി സിങ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് T-18 എന്ന പുലിയാണെന്ന് സ്ഥിരീകരിച്ചു. ഈ സമയം T18 ന് 9 മാസം പ്രായുള്ള നാല് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
നാല് കുഞ്ഞുങ്ങളില്‍ ഒരെണ്ണം മറ്റൊരു വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവയുടെ സുരക്ഷയില്‍ ആശങ്ക ഉടലെടുത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് പുലികളെ T-28 നൊപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് വൈ പി സിങ് വ്യക്തമാക്കി. സ്വന്തം കുഞ്ഞുങ്ങളെപോലെയാണ് T-28 പുലി T-18യുടെ കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.
പരിപാലനത്തിനൊപ്പം T28 പുലി കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയ്‌ക്കും വേട്ടയാടലിനും വേണ്ട പരിശീലനവും നല്‍കുന്നുണ്ടെന്നാണ് വിവരം.