ഭോപ്പാൽ: മധ്യപ്രദേശില്‍ ആദ്യ എച്ച് 3 എന്‍ 2 കേസ് റിപ്പോർട്ട് ചെയ്‌തതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗിയെ ഹോം ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഓര്‍ത്തോമൈക്‌സോവിറിഡേ (Orthomyxoviridae) വിഭാഗത്തില്‍പ്പെട്ട ഇൻഫ്ലുവൻസ രോഗമാണ് എച്ച് 3 എന്‍ 2. എ, ബി, സി,ഡി എന്നീ നാല് വ്യത്യസ്‌ത തരം വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണിത്. മൃഗങ്ങളിലും കാണപ്പെടുന്ന ഈ രോഗം, ഇൻഫ്ലുവൻസ എ ആണ് മനുഷ്യരില്‍ ഏറ്റവും സാധാരണഗതിയില്‍ കാണപ്പെടുന്നത്. ആഗോളതലത്തിൽ, ചില മാസങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: ഇന്ത്യയില്‍ സാധാരണയായി സീസണൽ ഇൻഫ്ലുവൻസയുടെ രണ്ട് ഘട്ടമാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഒന്ന് ജനുവരി മുതൽ മാർച്ച് വരെയും മറ്റൊന്ന് മൺസൂണിന് ശേഷമുള്ള കാലത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, സീസണൽ ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന കേസുകൾ മാർച്ച് അവസാനം മുതൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ചുമ, ജലദോഷം, ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ് കാണാറുള്ളത്.
ഈ രോഗം ബാധിച്ചാല്‍ പൊതുവെ ഒരാഴ്‌ചയ്ക്കുള്ളിൽ കുറയാറുണ്ട്. എന്നാല്‍, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, 65 വയസിന് മുകളിലുള്ള പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ പെട്ടവരാണ്. ഇക്കാരണത്താല്‍ തന്നെ ഈ ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് ശരിയായ ചികിത്സ നല്‍കേണ്ടത് അനിവാര്യമാണ്.
ഡബ്ല്യുഎച്ച്ഒ ശിപാർശ ചെയ്യുന്ന ടാബ്‌ലറ്റ്: ചുമയും തുമ്മലും കാരണം രോഗം പകരുന്നത് മിക്കവാറും വായുവിലൂടെയാണ്. ഹസ്‌തദാനം, അടുത്ത സമ്പർക്കം എന്നിവയും രോഗം പകരാന്‍ ഇടയാക്കുന്നു. അണുബാധ ഭേദമാക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശിപാർശ ചെയ്യുന്ന മരുന്നായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒസെൽറ്റാമിവിർ (Oseltamivir) നിർദേശിച്ചിട്ടുണ്ട്.
'ഈ മരുന്ന് പൊതുജനാരോഗ്യ സംവിധാനം വഴി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്‌ടിന്‍റെ ഷെഡ്യൂൾ എച്ച് ഒന്ന് പ്രകാരം ഒസെൽറ്റാമിവിർ (Oseltamivir) വിതരണം ചെയ്യാന്‍ സർക്കാർ അനുമതി നൽകിയിട്ടുണ്ട്'. - കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്ത് എച്ച് 3 എന്‍ 2 ബാധയെ തുടര്‍ന്ന് രണ്ട് മരണമാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകയിലും ഹരിയാനയിലുമാണ് ഈ കേസുകള്‍. പിന്നാലെ മഹാരാഷ്‌ട്രയിലും രോഗബാധയെ തുടര്‍ന്നുള്ള മരണം സ്ഥിരീകരിച്ചിരുന്നു.
ALSO READ| രാജ്യത്ത് എച്ച് 3 എന്‍ 2 കേസുകളില്‍ വര്‍ധന ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
അതേസമയം, മഹാരാഷ്‌ട്രയില്‍ എച്ച് 3 എന്‍ 2 രോഗവ്യാപനം തടയാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ നേതൃത്വത്തില്‍ റിവ്യു മീറ്റിങ് ഇന്ന് സംഘടിപ്പിക്കും. രോഗം ഫലപ്രദമായി തടയാന്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട ജാഗ്രതാനിര്‍ദേശം ഈ യോഗത്തിന് ശേഷം സര്‍ക്കാര്‍ പുറപ്പെടുവിച്ചേക്കുമെന്നാണ് കരുതുന്നത്.