ഛത്തര്പൂര് (മധ്യപ്രദേശ്) : കഴിഞ്ഞദിവസമാണ് പന്ന വന്യജീവി സങ്കേതത്തില്‍ നിന്ന് ഏറെ ദുഃഖകരമായ വാര്‍ത്തയെത്തിയത്. മുത്തശ്ശിക്കടുവയായ ടി-1 ചത്തുവെന്നതായിരുന്നു വിവരം. എന്നാല്‍ തൊട്ടുപിന്നാലെ ഇന്ന് പന്ന കടുവ സങ്കേതത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടിയെത്തി. സങ്കേതത്തില്‍ സങ്കടത്തിന്റെ കാറും കോളും മാറ്റി 'നാല് കടുവ കുഞ്ഞുങ്ങള്‍' സന്തോഷപ്പുലരി അറിയിച്ചിരിക്കുന്നുവെന്ന്.
കഴിഞ്ഞ ദിവസം മരിച്ച ടി-1 കടുവയുടെ മകളായ ടി-151 ആണ് ഇന്ന് നാല് കടുവ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് മക്കളുമൊത്ത് പ്രദേശത്ത് തന്നെ ഉലാത്തുന്ന അതിന്റെ ചിത്രങ്ങള്‍ കൂടി വിനോദ സഞ്ചാരികള്‍ക്ക് ലഭിച്ചതോടെ സംഗതി 'ഒഫീഷ്യലായി'. അതേസമയം ടി-1 ന്റെ മരണത്തിന്റെ പിറ്റേദിവസം തന്നെ അതിന്റെ കുഞ്ഞായ പി -151നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി എന്നത് സന്തോഷം പകരുന്നതാണെന്ന് പന്ന ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ബ്രിജേന്ദ്ര ഝാ പറഞ്ഞു.
ടി-1 എന്ന കടുവ മുത്തശ്ശി തന്റെ ജീവിത കാലയളവില്‍ 13 കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. പന്ന കടുവ സങ്കേതത്തെ പുറം ലോകത്തിന് അടയാളപ്പെടുത്തുന്നതില്‍ ടി-1 നിര്‍ണായക പങ്കാണ് വഹിച്ചത്. ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ റിപ്പോർട്ട് 2018 പ്രകാരം 526 കടുവകളുടെ ആവാസ കേന്ദ്രമാണിത്.