ഭോപ്പാൽ : മധ്യപ്രദേശ് ഡാട്ടിയ ജില്ലയിലെ പ്രളയബാധിത ഗ്രാമങ്ങളിൽ ബുധനാഴ്ച സന്ദർശനം നടത്തിയ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയില്‍ കുടുങ്ങി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ബോട്ടിൽ സന്ദർശനം നടത്തവെയായിരുന്നു സംഭവം. യന്ത്രത്തകരാർ മൂലം ബോട്ട് നിന്നുപോവുകയായിരുന്നു.
Also Read:ഗുജറാത്തിൽ ചൈനീസ് ആപ്പിലൂടെ 50 കോടിയുടെ തട്ടിപ്പ്
തുടർന്ന് സമീപത്തെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കെട്ടിടത്തിന്‍റെ ടെറസിലേക്ക് മന്ത്രിയെ മാറ്റി. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എത്തിയാണ് മന്ത്രിയെയും സംഘത്തെയും മേഖലയിൽ നിന്ന് എയർലിഫ്റ്റ് ചെയ്‌തത്. സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ ഗ്വാളിയാർ ചമ്പൽ മേഖലകളാണ് വെള്ളത്തിനടിയിൽ ആയത്.
വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സജീവമാണ്. കരസേനയും വ്യോമസേനയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടിരുന്നു.
ജനങ്ങളെ എത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.