ഭോപ്പാല്‍ : മധ്യപ്രദേശിലെ വിദിഷയില്‍ കുഴല്‍ കിണറില്‍ വീണ രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തി. ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 20 അടി താഴ്‌ചയുള്ള കുഴല്‍ കിണറിലാണ് കുട്ടി വീണത്.
ചൊവ്വാഴ്‌ച (ജൂലൈ 18) രാവിലെ 10 മണിയോടെയാണ് അസ്‌മിതയെന്ന 2 വയസുകാരി വീട്ടുമുറ്റത്തെ കിണറിലേക്ക് വീണത്. കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മറ്റ് കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
അടിയന്തര ഇടപെടലുമായി പൊലീസ്: വിദിഷയില്‍ 2 വയസുകാരി വീട്ടുമുറ്റത്തെ കുഴല്‍ കിണറില്‍ വീണിട്ടുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചു. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി എന്‍ഡിആര്‍എഫുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി - വിദിഷ അഡീഷണൽ പൊലീസ് സൂപ്രണ്ട് സമീര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് എന്‍ഡിആര്‍എഫ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
കുഴല്‍ കിണറിനുള്ളില്‍ കുട്ടിയ്‌ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയാണ് സംഘം ആദ്യം ചെയ്‌തത്. കിണറിനുള്ളിലെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും സൂപ്രണ്ട് പറഞ്ഞു. കുഴല്‍ കിണറിന് സമീപം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സംഘം കുട്ടിയെ പുറത്തെടുത്തത്.
കുഴല്‍ കിണറിന് 5 അടി അകലത്തില്‍ 16 അടി ആഴത്തിലാണ് കുഴിയെടുത്തത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ച് മണിയോടെ കുട്ടിയെ പുറത്തെടുത്തു. കിണറില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിരീക്ഷണത്തിലാണ്.