അമരാവതി : 'എതൊരാളിനും ഒരു സമയമുണ്ട്...' എന്ന് പറയുന്നത് പോലെയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ തക്കാളിയുടെ (Tomato) കാര്യം. സാധാരണക്കാരന്‍റെ കീശ കീറുന്ന തക്കാളിയില്ലാതെ എന്തുണ്ടാക്കാമെന്ന് ഗൂഗിളില്‍ തിരയുകയാണ് പലരും. കേരളത്തില്‍ ഉള്‍പ്പടെ ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ പൊന്നും വിലയാണ്.
പല സ്ഥലങ്ങളിലും തക്കാളി വില 150ഉം കടന്ന് കുതിക്കുകയാണ്. അതിനിടെയാണ് ആന്ധ്രാപ്രദേശിലെ (Andhra Pradesh) പ്രധാന പച്ചക്കറി - പഴ വിപണന കേന്ദ്രമായ മദനപ്പള്ളെ (Madanappalle) മാര്‍ക്കറ്റില്‍ തക്കാളിക്ക് സര്‍വകാല റെക്കോഡ് വില രേഖപ്പെടുത്തിയത്. ഇന്നലെ (ജൂലൈ 26) കിലോയ്‌ക്ക് 168 എന്ന നിലയിലാണ് മദനപ്പള്ളെ മാര്‍ക്കറ്റില്‍ തക്കാളി വിറ്റത്.
ഓരോ ദിവസവും ഇപ്പോള്‍ പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. തക്കാളി വില ഉയരുന്നതില്‍ നിലവില്‍ സാധാരണക്കാര്‍ ആശങ്കയിലാണ്. എന്നാല്‍, ഒരുപെട്ടി നിറയെ 30 കിലോ ഗ്രാം തക്കാളി വില്‍ക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ക്ക് നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ കഴിയുമെന്നാണ് ചില കര്‍ഷകരുടെ അഭിപ്രായം.
വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായി പെയ്‌ത മഴയും വൈറസ് ബാധയും വിളവിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വിളവ് കുറഞ്ഞതോടെയാണ് വിപണിയില്‍ തക്കാളിയ്‌ക്ക് ഡിമാന്‍റും ഏറിയത്. ഇത്, മദനപ്പള്ളെ മാര്‍ക്കറ്റിലേക്ക് എത്തിക്കൊണ്ടിരുന്ന തക്കാളിയുടെ അളവിലും കുറവുണ്ടാക്കി.
സാധാരണ, 1,500 മെട്രിക് ടണ്‍ തക്കാളിയാണ് മദനപ്പള്ളെ മാര്‍ക്കറ്റിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇന്നലെ 361 മെട്രിക്ക് ടണ്‍ തക്കാളി മാത്രമായിരുന്നു ഇവിടേക്ക് എത്തിയത്. തക്കാളിക്ക് ഇങ്ങനെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണക്കേസുകളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ, തെലങ്കാന (Telangana) സഹീറബാദിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും തക്കാളി മോഷണം പോയിരുന്നു. ഇവിടുത്തുകാരനായ ഒരു കര്‍ഷകന്‍ ജൂലൈ 21-ന് 40 പെട്ടി തക്കാളി വില്‍പ്പനയ്‌ക്കായി മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു. തൊട്ടടുത്ത ദിവസം മൊത്തലേലം നടക്കുന്നത് കൊണ്ട് തന്നെ കമ്മിഷന്‍ ഏജന്‍റിന്‍റെ കടയിലാണ് തക്കാളി സൂക്ഷിച്ചിരുന്നത്.
എന്നാല്‍, ഇവിടെ നിന്നും അന്ന് രാത്രിയിലാണ് തക്കാളി മോഷണം പോയത്. മൂന്ന് പെട്ടി തക്കാളിയായിരുന്നു കടയില്‍ നിന്നും നഷ്‌ടപ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ചെത്തിയായിരുന്നു മോഷണം.
Read More : Tomato Theft | തക്കാളിക്ക് പൊന്നുംവില ; ഹെൽമെറ്റ് ധരിച്ചെത്തി കവര്‍ന്നത് മൂന്ന് പെട്ടികള്‍, ദൃശ്യം പുറത്ത്
ഏകദേശം 10,000 രൂപയുടെ തക്കാളിയാണ് നഷ്‌ടപ്പെട്ടതെന്നാണ് കമ്മിഷന്‍ ഏജന്‍റ് പൊലീസിന് നല്‍കിയ മൊഴി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. കൂടാതെ, തക്കാളി വിറ്റ് കര്‍ഷകര്‍ കോടികള്‍ സ്വന്തമാക്കിയെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.