ഇൻഡോർ : ബോളിവുഡ് താരങ്ങളായ വിക്കി കൗശലും സാറ അലിഖാനും ഒന്നിക്കുന്ന ലുക്കാ ചുപ്പി-2 എന്ന ചിത്രത്തിലെ രംഗത്തിനെതിരെ പൊലീസിൽ പരാതി. അടുത്തിടെ മധ്യപ്രദേശിലെ ഇൻഡോറിൽ ചിത്രീകരിച്ച സിനിമയിലെ ഒരു രംഗത്തിൽ വിക്കി കൗശൽ സാറ അലിഖാനെ പിന്നിലിരുത്തി സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ വ്യാജമാണെന്നാണ് ആരോപണം. ഇതേ നമ്പറുള്ള വാഹന ഉടമയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇൻഡോറിലെ എയ്‌റോഡ്രോം താമസക്കാരനായ ജയ് സിങ് യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ചിത്രീകരണത്തിനിടെ വിക്കിയും സാറയും ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് കാണാനിടയായ യാദവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ALSO READ: 2021ലെ വെള്ളിത്തിരയുടെ നഷ്‌ടങ്ങള്‍ ; മറഞ്ഞ പ്രതിഭകള്‍
MP-09 UL 4872 എന്നത് തന്‍റെ സ്കൂട്ടറിന്‍റെ നമ്പറാണ്. 2018 മെയ് 25ന് എയറോഡ്രോമിലെ ഷോറൂമിൽ നിന്ന് വാങ്ങിയ വാഹനത്തിന്‍റെ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനം അപകടത്തിൽപ്പെട്ടാല്‍ ആരാകും ഉത്തരവാദിയെന്നും പരാതിക്കാരൻ ചോദിക്കുന്നു.
ഉടമയുടെ താൽപര്യത്തോടുകൂടിയാണെങ്കിൽ പോലും ഒരു വാഹനത്തിന്‍റെ നമ്പർ മറ്റാർക്കും ഉപയോഗിക്കാൻ അനുവാദമില്ലെന്നും നടന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്നും ഇൻഡോർ ആർടിഒ ജിതേന്ദ്ര രഘുവംശി പറഞ്ഞു.
ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻഡോറില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് വിവാദം.