ദാവൻഗെരെ: ജനിച്ച് മണിക്കൂറുകൾക്കകം ആശുപത്രിയിൽ നിന്നും മോഷ്‌ടിക്കപ്പെട്ട നവജാത ശിശുവിനെ 22 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി നൽകി ദാവൻഗെരെ പൊലീസ്. മാർച്ച് 16നാണ് കർണാടകയിലെ ചാമരാജ്പേട്ടിലെ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഉമെസൽമ ഇസ്‌മായിൽ ജബിയുള്ള എന്ന യുവതിയുടെ നവജാതശിശുവിനെ ഒരു സ്‌ത്രീ മോഷ്‌ടിച്ചത്.
ദൃശ്യങ്ങൾ സിസിടിവിയിൽ : കുഞ്ഞിന് ഭാരക്കുറവുള്ളതിനാൽ പ്രസവശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ അവിടെ നിന്നും ഒരു സ്‌ത്രീ കുഞ്ഞിനെ മോഷ്‌ടിച്ച് കടന്നുകളഞ്ഞു. കുഞ്ഞിനെ കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിന്‍റെ രക്ഷിതാക്കൾ ആശുപത്രി ജീവനക്കാർക്കെതിരെ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മോഷ്‌ടിച്ചതിന് പിന്നിലെ കാരണം : അതേസമയം കുഞ്ഞിനെ മോഷ്‌ടിച്ച സ്‌ത്രീ ദാവൻഗെരെ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വച്ച് ഗുൽജർ ബാനു എന്ന മറ്റൊരു സ്‌ത്രീയ്‌ക്ക് കുഞ്ഞിനെ കൈമാറി. ഇവരുടെ പക്കൽ നിന്നാണ് പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഗുൽജർ ബാനുവിന്‍റെ രണ്ട് പെൺമക്കളിൽ മൂത്ത മകൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കടത്താൻ പദ്ധതിയിട്ടത്.
കുഞ്ഞിനെ കൈമാറിയ പൊലീസിന് കുടുംബം നന്ദി അറിയിച്ചു. നിരവധി രാഷ്ട്രീയ നേതാക്കളും ദാവൻഗെരെ പൊലീസിന് അഭിനന്ദനവുമായെത്തി. ഗുൽജർ ബാനുവിനെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.