കരിംനഗർ (തെലങ്കാന): സ്വന്തം ജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിച്ച് അമ്മക്കുരങ്ങ്. മാതൃത്വം എന്ന വികാരം മൃഗങ്ങളിലും എത്രത്തോളം ശക്തമാണെന്ന് മനസിലാക്കി തരുന്നതാണ് തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ സംഭവം. നെഞ്ചിൽ അടക്കിപ്പിടിച്ച കുഞ്ഞുമായി റോഡ് മുറിച്ച് കടക്കവെയാണ് അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും ലോറി ഇടിച്ചത്.
അപകടത്തിൽ അമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും കുഞ്ഞിനെ പരിക്കേൽക്കാതെ അമ്മ രക്ഷിച്ചു. പരിക്കുപറ്റിയ അമ്മക്കുരങ്ങ് റോഡിൽ അനങ്ങാതെ കിടക്കുമ്പോൾ കുട്ടിക്കുരങ്ങ് നിസ്സഹായനായി അമ്മക്കുരങ്ങിന് ചുറ്റും കറങ്ങുകയും പാൽ കുടിക്കാൻ ശ്രമിക്കുന്നതും കണ്ട് ചുറ്റും നിന്നവരുടെയും കരളലിഞ്ഞു. തുടർന്ന് വെങ്കിടേഷ് എന്നയാൾ മുൻകൈയെടുത്ത് അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും തന്‍റെ കൃഷിയിടത്തിലെത്തിച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ചികിത്സയും നൽകി.
ഗോപാൽ മിത്ര ശിവനാണ് കുരങ്ങിനെ ചികിത്സിക്കുന്നത്. അപകടത്തിൽ അമ്മക്കുരങ്ങിന്‍റെ നട്ടെല്ലിന് പരിക്കേറ്റതാണ് കുരങ്ങിന് നടക്കാൻ കഴിയാത്തത് എന്നും ചികിത്സയോട് പ്രതികരിച്ചുതുടങ്ങി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊന്നും അറിയാത്ത കുട്ടിക്കുരങ്ങൻ ഇപ്പോഴും അമ്മയുടെ നെഞ്ചിൽ തുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.