മുംബൈ: മഹാരാഷ്‌ട്രയില്‍, സാനിറ്ററി പാഡിൽ ഹിന്ദു ദൈവമായ ശ്രീകൃഷ്‌ണന്‍റെ ചിത്രം ഉള്‍പ്പെടുത്തിയ സിനിമ പോസ്‌റ്ററിനെതിരെ വ്യാപക വിമര്‍ശനം. രഞ്‌ജന ഉപാധ്യായ് നിര്‍മിച്ച് സന്തോഷ് ഉപാധ്യായ് സംവിധാനം ചെയ്‌ത 'മസൂം സവാല്‍' ചിത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ചിത്രത്തിലൂടെ തങ്ങള്‍ ആരെയും വേദനിപ്പിക്കാൻ ബോധപൂര്‍വം ഉദ്ദേശിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സന്തോഷ് ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. ''ചില സമയങ്ങളിൽ നമ്മുടെ കാഴ്‌ചപ്പാട് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും. അത്തരത്തില്‍ ഒന്നാണ് ഇവിടെ സംഭവിച്ചത്''.
- " class="align-text-top noRightClick twitterSection" data="
">
''സിനിമ മുഴുവനും ആർത്തവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ പാഡ് കാണിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. അതുകൊണ്ട് മാത്രമാണ് പോസ്റ്ററിൽ ഒരു പാഡ് ഉള്‍പ്പെടുത്തിയത്. ഇക്കാരണത്താൽ തന്നെ ഈ സിനിമയുടെ പ്രചാരണത്തിന് ഞങ്ങൾക്ക് കുറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്'', സംവിധായകന്‍ പറഞ്ഞു. സിനിമയിൽ അഭിഭാഷകയായി എത്തുന്ന നടൻ ഏകാവലി ഖന്നയും വിവാദത്തോട് പ്രതികരിച്ചു.
'ഉദ്ദേശിച്ചത് വിലക്കുകളെ തകര്‍ക്കാന്‍': ''ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താൻ സിനിമയിലൂടെ ഉദ്ദേശിച്ചിട്ടില്ല. എല്ലാ തരത്തിലുള്ള വിലക്കുകളെയും തകർക്കുക, വൃത്യസ്‌തമായ ഒരു ശൈലി രൂപപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യം മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഇക്കാലത്തും സ്‌ത്രീകളുടെമേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന അന്ധവിശ്വാസങ്ങൾക്ക് എതിരെ പ്രതികരിക്കുക എന്നതുമാത്രമേ ചിത്രം കൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ'', ഏകാവലി ഖന്ന പറഞ്ഞു.
ഏകാവലി ഖന്നയ്‌ക്ക് പുറമെ നിതാൻഷി ഗോയൽ, ശിശിർ ശർമ, മധു സച്ച്‌ദേവ, രോഹിത് തിവാരി, ബൃന്ദ ത്രിവേദി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമലേഷ് കെ മിശ്രയാണ് രചന. ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസിനെത്തുക.