ന്യൂഡൽഹി : ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ബോബി കടാരിയക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്. സ്പൈസ് ജെറ്റ് വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ച് വീഡിയോ ചിത്രീകരിച്ച കേസിൽ ബോബി കടാരിയ ഒളിവില്‍ പോയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
ബോബിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ബോബി കടാരിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2022 ജനുവരി 21ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് സ്‌പൈസ് ജെറ്റ് നമ്പർ എസ്‌ജി-706 വിമാനത്തിൽ ഇരുന്ന് സിഗരറ്റ് വലിക്കുകയും അതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തത്. തുടർന്ന്, ചിത്രങ്ങളും വീഡിയോകളും ബോബി കടാരിയ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്‌തു. ഇത് വൈറലായിരുന്നു. സംഭവത്തിൽ സ്‌പൈസ് ജെറ്റ് മാനേജർ ജസ്‌ബീർ സിങ് ഡൽഹി പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കടാരിയയ്ക്ക് 15 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഉത്തരാഖണ്ഡിൽ വാഹനഗതാഗതം തടസപ്പെടുത്തി നടുറോഡിൽ മദ്യപിച്ചെന്നാരോപിച്ച് ഡെറാഡൂണിലെ കാന്‍റ് പൊലീസ് സ്റ്റേഷനിൽ കടാരിയയ്‌ക്കെതിരെ മറ്റൊരു കേസുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കടാരിയയുടെ വീട്ടില്‍ ഉത്തരാഖണ്ഡ് പൊലീസ് റെയ്‌ഡ് നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ട്. ഫിറ്റ്‌നസ് ഫ്രീക്ക്, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയുടെ പേരിലാണ് ഇയാള്‍ പ്രശസ്‌തനായത്. ബൽവന്ത് കടാരിയ എന്നാണ് യഥാർഥ പേര്.