ന്യൂയോർക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് നവംബർ 19ന് ഭൂമി സാക്ഷ്യം വഹിക്കും. മൂന്ന് മണിക്കൂർ 28 മിനിട്ട് 23 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഗ്രഹണം ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളായ അസം, അരുണാചൽപ്രദേശ് എന്നിവിടെങ്ങളിൽ കാണാൻ കഴിയും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30ന് ശേഷം ചന്ദ്രഗ്രഹണം അതിന്‍റെ പൂർണതയിലെത്തും. ഇതോടെ ചന്ദ്രന്‍റെ 97 ശതമാനവും ഭൂമിയുടെ മറയിലായി സൂര്യ പ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രനെ ചുവപ്പ് കലർന്ന നിറത്തിൽ കാണാൻ സാധിക്കും.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ, വടക്കൻ യൂറോപ്പ്, പസഫിക് സമുദ്രമേഖല എന്നിവിടങ്ങളിൽ ഗ്രഹണം പ്രകടമാകും. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ദൃശ്യമാകില്ല.
ALSO READ : കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന പത്ത് രാജ്യങ്ങൾക്കെതിരെ പാരീസ് ആക്ടിവിസ്റ്റുകൾ
2001നും 2100നും ഇടയിൽ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിനാണ് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതേസമയം 21-ാം നൂറ്റാണ്ടിൽ ഭൂമി ആകെ 228 ചന്ദ്രഗ്രഹണങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് നാസ അറിയിച്ചു.