മംഗളൂരു (കര്‍ണാടക): കേരളത്തില്‍ നിന്ന് ഈജിപ്‌തിലേക്ക് സൈക്കിളില്‍ സഞ്ചരിക്കാന്‍ തയ്യാറെടുത്ത് യുവാവ്. ദക്ഷിണ കന്നട ജില്ലയില്‍ ബണ്ട്‌വാല താലൂക്കിലെ കന്യാന ഗ്രാമത്തില്‍ നിന്നുള്ള ഹാഫിസ് അഹമ്മദ് സാബിത്താണ് ദീര്‍ഘമായ സൈക്കിള്‍ യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്. രണ്ട് ഭൂഖണ്ഡങ്ങളിലൂടെയും പത്ത് രാജ്യങ്ങളിലൂടെയുമുള്ള യാത്ര ഒക്‌ടോബര്‍ 20 നാണ് ആരംഭിക്കുക.
പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ഒമാൻ, ജോർദാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ വഴി ഈജിപ്‌തില്‍ എത്താനാണ് ഹാഫിസ് അഹമ്മദ് പദ്ധതിയിടുന്നത്. മാത്രമല്ല കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാവും യാത്ര ഇന്ത്യ വിടുക. അതേസമയം ഏതാണ്ട് 15,000 കിലോമീറ്റര്‍ ദൂരം പ്രതീക്ഷിക്കുന്ന യാത്ര ഒരു ആത്മീയ യാത്ര മാത്രമല്ലെന്നും വിദ്യാഭ്യാസപരവും പഠനസംബന്ധവുമാണെന്ന് ഹാഫിസ് വ്യക്തമാക്കുന്നു.
ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആത്മീയ വിദ്യാഭ്യാസത്തിന് കൂടി സമയം കണ്ടെത്തിയ ഹാഫിസ് അഹമ്മദ് സാബിത്ത് ബൈരിക്കാട്ടെ മഊനത്ത് ഇസ്‌ലാം മദ്രസയിൽ മൂന്നാം ക്ലാസ് വരെ പഠിച്ച ശേഷം ഖുർആൻ മനഃപാഠമാക്കാനായി മഞ്ചേശ്വരത്തെ ദാറുൽ ഖുറാൻ ഹിഫ്‌ള് കോളജിൽ ചേര്‍ന്നു. ഇവിടെ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കി മൂന്നര വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാസർകോട് ഹിഫ്‌ല ഇമാം ഷാഫി അക്കാദമിയിൽ മതപഠനം തുടർന്നു. പിന്നീട് ഇംഗ്ലീഷ് ഭാഷാസാഹിത്യത്തില്‍ ബിരുദവും, മനശാസ്‌ത്രത്തില്‍ ഡിപ്ലോമയും സ്വന്തമാക്കി. ഇതിനിടയില്‍ ഹാഫിസ് അഹമ്മദ് പ്രചോദനാത്മക സന്ദേശങ്ങളുമായി 'സാബി ഇന്‍സ്‌പയേഴ്‌സ്' എന്ന യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.
അങ്ങിനെയിരിക്കുമ്പോഴാണ് ഹാഫിസ് അഹമ്മദിന് ഈജിപ്‌തിലെ അൽ അസ്ഹർ സർവകലാശാലയില്‍ ഉന്നത മത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നത്. തുടര്‍ന്ന് അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്ന പഠനക്ലാസുകള്‍ക്കായി ഈജിപ്‌തിലേക്കുള്ള യാത്ര സൈക്കിളിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. യാത്രയിലുടനീളം പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാനുഷിക സന്ദേശം പ്രചരിപ്പിക്കുകയും ഓരോ നഗരത്തെയും ജനങ്ങളുടെ പ്രാദേശിക പാരമ്പര്യങ്ങളെയും ജീവിതരീതികളെയും പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്‌ത് പോകുകകൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും ഹാഫിസ് അഹമ്മദ് പറയുന്നു.
200 ദിവസത്തിലധികം സഞ്ചരിക്കേണ്ടിവരുമെന്നും മാരിൻ ഫോർ കോർണർ സൈക്കിളിൽ പ്രതിദിനം 70 മുതൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാണ് ഉദ്ദേശമെന്നും ഹാഫിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം സൈക്കിളിൽ കേരളത്തിലേക്ക് യാത്ര ചെയ്‌തപ്പോള്‍ ലഭിച്ച ആത്മവിശ്വാസമാണ് ഈ നേട്ടം കൈവരിക്കാനുള്ള ഊര്‍ജമെന്ന് പറഞ്ഞ ഹാഫിസ് സൈക്കിള്‍ യാത്രക്ക് മുമ്പായി മക്കയിലും മദീനയിലും പോകാനുദേശിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.