നളന്ദ (ബിഹാര്‍): പെണ്‍കുട്ടികള്‍ക്കിടയിലിരുന്ന് പരീക്ഷയെഴുതിയ കോളജ് വിദ്യാര്‍ഥി ബോധരഹിതനായി. ബിഹാറിലെ നളന്ദ ജില്ലയില്‍ 500 വിദ്യാര്‍ഥിനികള്‍ക്കിടയിലിരുന്ന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയെഴുതിയ കോളജ് വിദ്യാര്‍ഥിയേയാണ് ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രില്യന്‍റ് കോണ്‍വെന്‍റ് സ്‌കൂളില്‍ ഇന്നലെയാണ് (01.02.2023) സംഭവം.
ഒറ്റക്കായി, ബോധം പോയി: ബിഹാര്‍ ഷെരീഫിലെ അല്ലാമ ഇഖ്‌ബാല്‍ കോളജ് വിദ്യാര്‍ഥിയായ പയ്യന്‍ ബിഹാര്‍ ഷെരീഫിലെ തന്നെ ബ്രില്യന്‍റ് കോണ്‍വെന്‍റ് സ്‌കൂളില്‍ പ്ലസ് ടു പരീക്ഷക്കായി എത്തിയതായിരുന്നു. 500 പേരുള്ള പരീക്ഷ കേന്ദ്രത്തില്‍ താന്‍ മാത്രമാണ് ഏക ആണ്‍കുട്ടിയെന്ന് മനസിലായതോടെ അവന്‍ പരിഭ്രമിച്ചു. തുടര്‍ന്ന് പരീക്ഷ സമയത്ത് പരീക്ഷ കേന്ദ്രത്തിനകത്തേക്ക് പ്രവേശിച്ച വിദ്യാര്‍ഥി പരിഭ്രമത്തോടെ തലകറങ്ങി വീഴുകയായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സമീപത്തുള്ള സദര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്വാഭാവിക 'പേടി': പരീക്ഷാകേന്ദ്രത്തില്‍ താന്‍ ഒരാള്‍ മാത്രമെ ആണ്‍കുട്ടിയായി ഉള്ളു എന്ന് മനസിലായതോടെ അവന്‍ പരിഭ്രാന്തനാകുകയായിരുന്നു. പരീക്ഷ കേന്ദ്രത്തില്‍ പ്രവേശിച്ചപ്പോള്‍ 500 വിദ്യാര്‍ഥിനികള്‍ക്കിടയിലാണ് താന്‍ ഇരിക്കേണ്ടത് എന്നോര്‍ത്തപ്പോള്‍ അവന് ബോധം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ അറിയിച്ചു. നൂരുകണക്കിന് പെണ്‍കുട്ടികള്‍ക്കിടയില്‍ താന്‍ ഒരു ആണ്‍കുട്ടി മാത്രമാണുള്ളത് എന്നോര്‍ത്ത് സ്വാഭാവികമായി ആര്‍ക്കുമുണ്ടാകുന്ന ഭയപ്പാടെ അവനും സംഭവിച്ചിട്ടുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നലെ ബിഹാറില്‍ 1,464 പരീക്ഷ കേന്ദ്രങ്ങളിലായി നടന്ന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയില്‍ 13,18,227 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 12.45 വരെയും ഉച്ചക്ക് 1.45 മുതല്‍ അഞ്ച് മണി വരെയുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടന്നത്.