ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെഷൻ. ശശി തരൂർ, കെ സുധാകരൻ, അടൂർ പ്രകാശ്, അബ്‌ദുൾ സമദ് അടക്കം അൻപത് എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്. സോണിയ ഗാന്ധിയെ ഒഴിവാക്കി. സഭയിലെ ബഹളത്തിന്‍റെ പേരില്‍ സസ്‌പെൻഷൻ ലഭിച്ചവരില്‍ എൻസിപി നേതാവ് സുപ്രിയ സുലെ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും ഉൾപ്പെടും. ലോക്‌സഭ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചു. ബഹളത്തിന്‍റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ഇതുവരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലുമായി സസ്‌പെൻഡ് ചെയ്യപ്പെട്ടത് 141 പ്രതിപക്ഷ എംപിമാർ. ലോക്‌സഭയില്‍ 96 ഉം രാജ്യസഭയില്‍ 45 ഉം എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അംഗബലമില്ലാതെ ഇന്ത്യ ബ്ലോക്ക്: ലോക്‌സഭയിലെ തുടർച്ചയായ സസ്പെൻഷനുകൾക്ക് ശേഷം, ശീതകാല സമ്മേളനത്തിന്‍റെ വരും ദിവസങ്ങളില്‍ ഇന്ത്യ ബ്ലോക്കിന് ഇനി ശേഷിക്കുന്നത് 43 എംപിമാർ മാത്രം. 138 എംപിമാരാണ് ഇന്ത്യ ബ്ലോക്കിന് ലോക്‌സഭയിലുണ്ടായിരുന്നത്.
കോൺഗ്രസിന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ഒമ്പത് എംപിമാർ മാത്രമാണ് ലോക്‌സഭയില്‍ ശേഷിക്കുന്നത്. കോൺഗ്രസ് ലോക്‌സഭകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും തൃണമൂൽ കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് സുദീപ് ബന്ദോപാധ്യായയും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതുവരെ 22 തൃണമൂല്‍ കോൺഗ്രസ് എംപിമാരിൽ 13 പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 24 പേരുടെ അംഗബലമുള്ള ഡിഎംകെയിൽ നിന്ന് 16 എംപിമാരെ സസ്‌പെൻഡ് ചെയ്തു. ആം ആദ്മി പാർട്ടിയുടെ ഏക ലോക്‌സഭ എംപി സുശീൽ കുമാർ റിങ്കുവിനെയും സസ്‌പെൻഡ് ചെയ്തു.
എൻസിപിയുടെ ലോക്‌സഭ കക്ഷി നേതാവ് സുപ്രിയ സുലെ ഉൾപ്പെടെ ശരദ് പവാർ വിഭാഗത്തിൽപ്പെട്ട മൂന്ന് എംപിമാരെ സസ്‌പെൻഡ് ചെയ്തു. ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെ മൂന്ന് എംപിമാരിൽ രണ്ടുപേരെ നാഷണൽ കോൺഫറൻസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാല്‍ ശിവസേനയുടെ (യുബിടി) ആറ് എംപിമാരിൽ ആരെയും സസ്പെൻഡ് ചെയ്തിട്ടില്ല. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്‍റെ മൂന്ന് എംപിമാരും, വിസികെയുടെയും ആർഎസ്പിയുടെയും ഏക എംപിമാർ, ഡിംപിൾ യാദവ് ഉൾപ്പെടെ മൂന്ന് സമാജ്‌വാദി പാർട്ടി എംപിമാരിൽ രണ്ട് പേർ, സിപിഎമ്മിന്‍റെ മൂന്ന് എംപിമാരിൽ രണ്ട് പേർ, സിപിഐയുടെ രണ്ട് എംപിമാരിൽ ഒരാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.
ബിഎസ്പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലിയും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. പക്ഷേ ബിഎസ്പി പ്രതിപക്ഷ കക്ഷിയുടെ ഭാഗമല്ല. ഡിസംബർ 13 ന് പാർലമെന്‍റിലെ സുരക്ഷ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് നയിച്ചത്.