ഷില്ലോങ്: മേഘാലയ എംഎൽഎമാരെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അഭിസംബോധന ചെയ്യും. ഫെബ്രുവരി 25ന് സ്‌പീക്കറുടെ മേഘാലയ സന്ദർശന വേളയിലാണ് എംഎൽഎമാരെ അഭിസംബോധന ചെയ്യുക. സന്ദർശന വേളയിൽ ന്യൂ ഷില്ലോങിലെ പുതിയ മേഘാലയ അസംബ്ലി കെട്ടിടത്തിൻ്റെ നിർമാണവും വിലയിരുത്തും. മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ലോക്‌സഭാ സ്‌പീക്കറെ സംസ്ഥാനത്തേയ്ക്ക് ക്ഷണിച്ചിരുന്നു.
പുതിയ നിയമസഭാ കെട്ടിടത്തിൻ്റെ നിർമാണം കഴിഞ്ഞ ദിവസം നിയമസഭാ സ്‌പീക്കർ മെറ്റ്ബാ ലിങ്‌ഡോ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 127 കോടി രൂപ ചെലവിലാണ് പുതിയ അസംബ്ലി കെട്ടിടം പണിയുന്നത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 2022 ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയാകുമെന്ന് വിശ്വസിക്കുന്നതായും മെറ്റ്ബ പറഞ്ഞു.