ലൊഹര്‍ഡാഗ: ജാര്‍ഖണ്ഡില്‍ ലൊഹര്‍ഡാഗ ജില്ലയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ അദിവാസി സ്‌ത്രീയുടെ നില ഗുരുതരമായി തുടരുന്നു. അമ്പത് വയസുള്ള ആദിവാസി സ്‌ത്രീയെ രണ്ട് പൊലീസുകാര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ട് പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സ്ത്രീ പൊലീസിന് നല്‍കിയ മൊഴി.
റാഞ്ചിയിലെ ആര്‍ഐഎംഎസ് ആശുപത്രിയിലാണ് സ്‌ത്രീ ചികിത്സയിലുള്ളത്. യുവതിയുടെ ആന്തരിക അവയവങ്ങള്‍ക്ക് വരെ ലൈംഗിക ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിലച്ചിട്ടില്ല. രക്തസ്രാവം നിലച്ചതിന് ശേഷം മാത്രമെ യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.
സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് റാഞ്ചി റേഞ്ച് ഡിഐജി അനീഷ് ഗുപ്‌തയില്‍ നിന്ന് ഡിജിപി നീരജ് സിന്‍ഹ തേടിയിട്ടുണ്ട്. ആരോപണവിധേയരായ പൊലീസുകാര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. പ്രതിഷേധക്കാര്‍ ലോഹര്‍ഡാഗ ജില്ലയിലെ ബോക്‌സൈറ്റ് ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണ്.