സരൺ (ബിഹാർ): കേട്ടുകേൾവിയില്ലാത്ത സംഭവത്തിനാണ് ഇന്ന് ബിഹാറിലെ സരൺ ജില്ലയിലെ മാഞ്ചി (Manjhi) റെയിൽവേ സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. ഇവിടെ നിർത്തേണ്ടിയിരുന്ന ഉത്സർഗ് എക്‌സ്‌പ്രസിന്‍റെ (Utsarg Express) ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ മറന്ന് മുന്നോട്ടുപോയത് സ്റ്റേഷനിലും ട്രെയിനിലുമുള്ളവരെ ഏറെനേരം ആശങ്കയുടെ മുൾമുനയിൽ നിർത്തി (Loco Pilot Forgot To Stop Train- Reversed Half Kilometer). ഛപ്രയിൽ നിന്ന് ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന 15083 -ാം നമ്പർ ഉത്സർഗ് എക്‌സ്‌പ്രസിന്‍റെ ലോക്കോ പൈലറ്റിനാണ് ഇത്തരത്തിൽ ഗുരുതരമായ അബദ്ധം പിണഞ്ഞത്.
തുടർന്ന് ഒരു നദിക്ക് കുറുകെയുള്ള പാലത്തിലാണ് ട്രെയിൻ നിർത്തിയത്. റെയിൽവേ പാലത്തിന് മുകളിൽ ട്രെയിൻ നിൽക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഛപ്ര ജംഗ്ഷൻ (Chapra Junction) റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6 മണിക്ക് യാത്ര ആരംഭിച്ച ട്രെയിനിന് 6.23 ന് മാഞ്ചിയിൽ സ്റ്റോപ്പുണ്ടായിരുന്നു. ഈ ട്രെയിനിൽ കയറാൻ നിരവധിപേർ ഇവിടെ കാത്തുനിന്നിരുന്നു. എന്നാൽ സ്റ്റോപ്പുള്ള കാര്യം വിസ്‌മരിച്ച ലോക്കോ പൈലറ്റ് സ്റ്റേഷനിൽ നിർത്താതെ അതിവേഗത്തിൽ കടന്നുപോയി.
സ്റ്റേഷനില്‍ സ്റ്റോപ്പുള്ള ട്രെയിൻ നിർത്താതെ പോയത് യാതക്കാരിൽ പരിഭ്രാന്തി പടർത്തി. ചില യാത്രക്കാർ സ്റ്റേഷനിൽ ബഹളം വെക്കുന്ന സ്ഥിതിവിശേഷവും സംജാതമായി. ട്രെയിനിനുള്ളിലും ആളുകൾ പരിഭ്രാന്തരായി. നിർത്താതെ മുന്നോട്ടുപോയ ട്രെയിൻ അര കിലോമീറ്ററോളം മുന്നോട്ടുപോയപ്പോഴാണ് ലോക്കോ പൈലറ്റ് തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ഇതോടെ ട്രെയിൻ അടിയന്തരമായി ഒരു പാലത്തിൽ നിർത്തുകയായിരുന്നു. നിർത്തിയത് പാലത്തിന് മുകളിലായതും ട്രെയിനിലിരുന്ന യാത്രക്കാരെ പരിഭ്രാന്തരാക്കി.
പാലത്തിൽ ട്രെയിൻ നിർത്തിയതിനു പിന്നാലെ ലോക്കോ പൈലറ്റ് മാഞ്ചി സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ടു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ ഈ ട്രാക്കിൽ വരുന്ന മറ്റ് ട്രെയിനുകൾ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. തുടർന്ന് പാലത്തിലുള്ള ട്രെയിൻ പിന്നോട്ടെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പിന്നീട് അര കിലോമീറ്ററോളം പിന്നോട്ട് ഓടി മാഞ്ചി റെയിൽവേ സ്റ്റേഷനിൽ തിരികെയെത്തിയതോടെയാണ് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിഞ്ഞത്.
ഇതുമൂലം ട്രെയിൻ 20 മിനിറ്റോളം വൈകി. അതേസമയം സംഭവം സ്ഥിരീകരിച്ച ഛപ്ര ജംഗ്ഷൻ സ്റ്റേഷൻ മാനേജർ വിനയ് കുമാർ ട്രെയിനിന്‍റെ ലോക്കോ പൈലറ്റിനെതിരെ വരാണസി ഡിവിഷണൽ റെയിൽവേ മാനേജർക്ക് റിപ്പോർട്ട് അയച്ചതായും അറിയിച്ചു.