നെല്ലോർ: ആന്ധ്രാപ്രദേശിൽ ലോൺ ആപ്പുകളിൽ നിന്നും പണം കടമെടുത്ത യുവതിക്ക് നേരെ ഭീഷണി. യുവതിയുടെ ഫോട്ടോകൾ മോർഫ് ചെയ്‌ത് ശല്യപ്പെടുത്തിയും ഇതേ ചിത്രങ്ങൾ യുവതിയുടെ കോൺടാക്‌റ്റിലുള്ള മറ്റ് നമ്പറുകളിലേക്ക് അയച്ച് നൽകിയും ആപ്പ് അഡ്‌മിനിസ്‌ട്രേറ്റർമാരാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ മാനസിക പീഡനത്തെ തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നെല്ലോർ ജില്ലയിലെ കോവൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതി ഒരാഴ്‌ച മുൻപ് അടിയന്തരമായി 3000 രൂപ ആവശ്യം വന്നതിനെ തുടർന്ന് ലോൺ ആപ്പുകൾക്കായി ഗൂഗിളിൽ തെരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് കാൻഡി ക്യാഷ്, ഈസി മണി ആപ്പുകളിൽ തന്‍റെ വ്യക്തിവിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും രണ്ട് ആപ്പുകളിൽ നിന്നായി 3700 രൂപ കടമെടുക്കുകയും ചെയ്‌തു.
മൂന്ന് ദിവസത്തിന് ശേഷം യുവതി കടം എടുത്ത തുക തിരികെ അടക്കുകയും ചെയ്‌തു. എന്നാൽ കുടിശിക തീർന്നിട്ടില്ലെന്ന് കാണിച്ച് ലോൺ ആപ്പ് അഡ്‌മിനിസ്‌ട്രേറ്റർമാരിൽ നിന്ന് യുവതിക്ക് ഭീഷണി കോളുകൾ വരികയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഫോട്ടോകൾ മോർഫ് ചെയ്‌ത് അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ആദ്യ ഭീഷണി.
തുടർന്ന് കഴിഞ്ഞ 28 ന് ആപ്പ് അഡ്‌മിനിസ്‌ട്രേറ്റർമാർ യുവതിയുടെ ഫോൺ ഹാക്ക് ചെയ്യുകയും യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ കോൺടാക്‌റ്റ് നമ്പറുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. ഭീഷണിയുടെ രീതി മാറിയതോടെ യുവതി എസ്‌ഒഎസിൽ(SOS) പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോൺ ആപ്പുകളുടെ അഡ്‌മിനിസ്‌ട്രേറ്റർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ പൊലീസിനും വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
also read : ക്രെഡിറ്റ് കാർഡ് വാഗ്‌ദാനങ്ങൾ കേട്ട് സംശയത്തിലാണോ? കാര്‍ഡ് എടുക്കാം സുരക്ഷിതമായി
ലോൺ ആപ്പിൽ കുടുങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് : ലോൺ ആപ്പുകളിൽ നിന്ന് പണം നഷ്‌ടപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി വിദ്യാർഥികളുൾപ്പടെയുള്ളവർ ആപ്പുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി കെണിയൊരുക്കുകയാണ് തട്ടിപ്പുകാർ. ഇത്തരം സന്ദർഭങ്ങളിൽ തട്ടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
- ലോണെടുക്കാൻ തെരഞ്ഞെടുക്കുന്ന ആപ്പുകൾ ആർബിഐ അംഗീകാരമുള്ളതാണോ വ്യാജമാണോ എന്ന് കൃത്യമായി പരിശോധിക്കണം. വായ്‌പ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ നിയമാനുസൃത ബാങ്കിന്‍റെയും എന്‍ബിഎഫ്‌സി പങ്കാളികളുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം
- ലോൺ ആപ്പിന് കൃത്യമായ അഡ്രസുണ്ടോ എന്ന് പരിശോധിക്കണം. വ്യാജ ആപ്പുകൾ ശരിയായ വിലാസം നൽകില്ല
- ഗൂഗിളിൽ ലോണിനെ കുറിച്ച് സെർച്ച് ചെയ്‌തതിന് പിന്നാലെ ഫോണിൽ വരുന്ന ലോൺ ആപ്പിന്‍റെ പരസ്യങ്ങൾ കണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്
- ലോൺ അനുവദിക്കുന്ന ആപ്പുകൾ കൃത്യമായ പലിശ നിരക്കാണോ ഈടാക്കുന്നത് എന്ന് ശ്രദ്ധിക്കുക
also read : 'ഞൊടിയിടയിൽ വായ്‌പ വേണോ' ; ഓണ്‍ലൈന്‍ ആപ്പുകളിൽ നിന്ന് ലോണ്‍ എടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം