ഹൈദരാബാദ്: അനുമതിയില്ലാതെ മാവിൻ തോട്ടത്തിൽ കയറിയ രണ്ട് കുട്ടികൾക്ക് നേരെ കാവൽക്കാരുടെ അതിക്രമം. വളർത്തു നായയെ കാണാത്തതിനെ തുടർന്ന് ആൺകുട്ടികൾ മാവിൻ തോട്ടത്തിൽ പരിശോധിക്കാൻ കയറുകയായിരുന്നു. മാങ്ങ മോഷ്ടിക്കാനാണ് കുട്ടികൾ എത്തിയതെന്ന് തെറ്റിദ്ധരിച്ച കാവൽക്കാർ ഇവരെ മർദിച്ചു. കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
വിവരമറിഞ്ഞ മാതാപിതാക്കൾ തോരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഷയം ജില്ലാ കലക്ടറിന്റെയും എസ് പിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഉടനെ അടിയന്തര നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.