ന്യൂഡല്‍ഹി: അഴിമതി, കാപട്യം, സ്വേച്ഛാധിപതി, അരാജകവാദി തുടങ്ങിയ വാക്കുകള്‍ക്ക് ഇനി പാര്‍ലെന്‍റില്‍ വിലക്ക്. ജൂലൈ 18ന് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശമുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയ വാക്കുകള്‍ ഇരു സഭകളിലും ചർച്ചകൾക്കിടയില്‍ ഉപയോഗിച്ചാൽ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.
'ജുംലജീവി'(വാഗ്ദാനങ്ങൾ നടത്തുന്നയാൾ), 'ബാൽബുദ്ധി', 'കൊവിഡ് സ്‌പ്രെഡര്‍', 'സ്‌നൂപ്‌ഗേറ്റ്' തുടങ്ങിയ ചില പദങ്ങളും സാധാരണയായി ഉപയോഗിക്കുന്ന ലജ്ജിക്കുന്നു, ദുരുപയോഗം ചെയ്യപ്പെട്ടു, വഞ്ചിക്കപ്പെട്ടു തുടങ്ങിയ പ്രയോഗങ്ങളും പാര്‍ലമെന്‍റില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി, നാടകം, അയോഗ്യർ എന്നിവ ഇനി മുതൽ ലോക്‌സഭയിലും രാജ്യസഭയിലും അൺപാർലമെന്‍ററി വാക്കായി പരിഗണിക്കും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുക്കുക രാജ്യസഭ ചെയർമാനും ലോക്‌സഭ സ്‌പീക്കറുമായിരിക്കും.
വിലക്ക് ഏര്‍പ്പെടുത്തിയ മറ്റ് വാക്കുകള്‍: ശകുനി, സ്വേച്ഛാധിപത്യം, 'ഖാലിസ്ഥാനി', 'താനാഷാ', 'താനഷാഹി', 'ജയ്‌ചന്ദ്', 'വിനാഷ് പുരുഷ്', 'ഖൂൻ സേ ഖേതി', 'ദോഹ്‌റ ചരിത്ര', 'നിക്കമ്മ', 'നാടങ്കി', 'ധിന്ദോര പീത്‌ന', 'ബെഹ്‌രി സർക്കാർ' തുടങ്ങിയ വാക്കുകളും അൺപാർലമെന്‍ററി പദപ്രയോഗങ്ങളായി പട്ടികപ്പെടുത്തിയതായി ബുക്ക്‌ലെറ്റിൽ പറയുന്നു.
രക്തച്ചൊരിച്ചിൽ, ബാലിശത, അഴിമതി, ഭീരു, കുറ്റവാളി, മുതലക്കണ്ണീർ, അപമാനം, കഴുത, നാടകം, തെമ്മാടിത്തരം, തെറ്റിദ്ധരിപ്പിക്കൽ, നുണ, അസത്യം, വിഡ്ഢിത്തം, ലൈംഗിക പീഡനം, 'ബ്ലഡി', 'ചംച', 'ചംചഗിരി', 'ചേലാസ്', 'ഐ വാഷ്', 'ഫഡ്‌ജ്', 'ഗദ്ദർ', 'ഗിർഗിത്', 'ഗദിയാലി അൻസു', 'അപ്‌മാൻ', 'അഹങ്കാർ','കാലാ ദിന്‍', 'കാലാ ബസാരി', 'ഖരീദ് ഫറോഖ്‌ത്', 'ഡംഗ', 'ദലാൽ', 'ദാദഗിരി', 'ദോഹ്‌റ ചരിത്ര', 'ബേചര', 'ബോബ്‌കട്ട്', 'ലോലിപോപ്പ്', 'വിശ്വസ്ഘട്ട്', 'സംവേദൻഹീൻ', 'പിത്തു', 'ബെഹ്‌രി സർക്കാർ' എന്നീ വാക്കുകള്‍ക്കും വിലക്കുണ്ട്.