മുംബൈ : താലിബാനെ ആർ.എസ്.എസുമായി താരതമ്യപ്പെടുത്തിയ ബോളിവുഡ് എഴുത്തുകാരന്‍ ജാവേദ് അക്തറിനെതിരെ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. താലിബാനുമായി ബന്ധപ്പെടുത്തി പറയുന്നത്, ഹിന്ദു സംസ്‌കാരത്തോടുള്ള അനാദരവാണെന്നും സംഘത്തെ ഇത്തരത്തില്‍ പറഞ്ഞതിനെ അംഗീകരിക്കില്ലെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.
ആർ.എസ്.എസ്, വി.എച്ച്.പി പോലുള്ള സംഘടനകൾക്ക് ഹിന്ദുത്വം ഒരു സംസ്‌കാരമാണ്. ഹിന്ദുക്കളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. മാത്രമല്ല, അവര്‍ ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
എന്നാൽ, അഫ്‌ഗാനിസ്ഥാനിലെ അവസ്ഥ ഹൃദയഭേദകമാണ്. പലരും ആ നാട്ടില്‍ നിന്നും പലായനം ചെയ്തു. സ്വന്തം രാജ്യത്ത് ഭയത്തിലാണ് കഴിയുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയാണ് ചെയ്യുന്നതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.
'ജാവേദ് ക്ഷമ ചോദിക്കുന്നത് വരെ സിനിമകൾ പ്രദർശിപ്പിക്കില്ല'
ജാവേദ് അക്തർ, പ്രസ്‌താവനയില്‍ ക്ഷമ ചോദിക്കുന്നത് വരെ അദ്ദേഹത്തിന്‍റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മഹാരാഷ്ട്ര എം.എൽ.എയും ബി.ജെ.പി വക്താവുമായ രാം കദത്തിന്‍റെ പ്രസ്താവന. ഒരു ദേശീയ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ, താലിബാനും ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഒരേ പോലെയാണെന്ന് പ്രതികരിച്ചത്.
'ലോകമെമ്പാടുമുള്ള വലതുപക്ഷ ചിന്താഗതിക്കാരും താലിബാനും ഒരേ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത്, താലിബാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും. ഈ ആളുകൾ ഒരേ ചിന്താഗതിക്കാരാണ്. മുസ്‌ലിം, ക്രിസ്ത്യൻ, ജൂതൻ എന്നിങ്ങനെ ഏതായാലും അങ്ങനെ തന്നെ' - ഇതായിരുന്നു ജാവേദ് അക്‌തറിന്‍റെ പരാമര്‍ശം.