പൂനെ: ലിംബോ സ്‌കേറ്റിങ്ങിൽ ലോക റെക്കോഡ് തകർത്ത് പൂനെ സ്വദേശിനിയായ ഏഴ് വയസുകാരി ദേശ്ന നഹർ. 20 കാറുകൾക്ക് അടിയിലൂടെ 13.74 സെക്കൻഡുകൾ കൊണ്ട് സ്കേറ്റിങ് പൂർത്തിയാക്കിയാണ് ദേശ്‌ന ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചത്. 2015ൽ ചൈന സ്വദേശിയായ 14കാരിയുടെ റെക്കോഡാണ് ദേശ്‌ന തകർത്തത്.
ഏപ്രിൽ 16ന് 13.74 സെക്കൻഡിൽ സ്കേറ്റിങ് പൂർത്തിയാക്കിയ ദേശ്‌ന ജൂൺ 14നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചത്. പൂനെ സ്വദേശി വിജയ് മൽജിയുടെ നേതൃത്വത്തിലായിരുന്നു കോച്ചിങ്. മുത്തശ്ശി ദയ നഹറിന്‍റെ പിന്തുണ മൂന്നാം ക്ലാസുകാരി ദേശ്‌നയ്ക്ക് ഉണ്ടായിരുന്നു.
അഞ്ചാം വയസ് മുതൽ സ്കേറ്റിങ്ങിൽ താത്പര്യമുണ്ടായിരുന്ന ദേശ്‌ന കഴിഞ്ഞ രണ്ട് വർഷമായി റോക്ക് ഓൺ വീൽസ് സ്കേറ്റിങ് അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.