ബിജ്‌നോര്‍ (ഉത്തര്‍ പ്രദേശ്): കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതില്‍ തന്നെ ജനവാസ മേഖലയിലേക്കിറങ്ങുന്ന പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വളരെ വലുതാണ്. കൃഷിയിടത്തിലും വീട്ടുപരിസരത്തുമെല്ലാം പുള്ളിപുലികളെത്തി ജീവന്‍ അപഹരിച്ചുവെന്ന വാര്‍ത്തകളെത്താറുണ്ടെങ്കിലും ഉത്തര്‍ പ്രദേശിലെ കാസിവാല ഗ്രാമത്തില്‍ പുള്ളിപുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും പരിക്കേല്‍ക്കുന്നതും തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനത്തിനെത്തുന്നവരെയാണ്.
ശൗചാലയങ്ങളുടെ അപര്യാപ്‌തത കാരണം കാസിവാല ഗ്രാമനിവാസികള്‍ക്ക് ബലി നല്‍കേണ്ടിവരുന്നത് സ്വന്തം ജീവനാണ്. ഇന്നലെ രാവിലെ നടന്ന സംഭവം ഉള്‍പ്പടെ ഈ മാസത്തില്‍ മാത്രം മൂന്നുപേരുടെ ജീവനാണ് പുള്ളിപ്പുലി എടുത്തത്. മാത്രമല്ല പുലിയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഈ ആക്രമണങ്ങളെല്ലാം തന്നെ ഇവരെല്ലാം മലമൂത്ര വിസര്‍ജനങ്ങള്‍ക്കായി തുറസായ സ്ഥലങ്ങളിലേക്ക് പോകവെയായിരുന്നു എന്നതാണ് ദൗര്‍ഭാഗ്യകരായ മറ്റൊരു സമാനത.
അപകടം വരുത്തുന്നത് 'ശൗചാലയം': ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് കാസിവാല ഗ്രാമത്തിലെ നാഗിന ടൗണിലെ മിഥ്‌ലേഷ് ദേവി എന്ന 42 കാരിയാണ് ഇക്കഴിഞ്ഞ ശനിയാഴ്‌ച പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊലപ്പെട്ടത്. ഇതിനിടെ ഇവരുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്ക് യുവതിയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. എന്നാല്‍ മിഥ്‌ലേഷ് വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് ജോലിക്കായി പോകുമ്പോഴാണ് ഇവരെ പുള്ളിപ്പുലി ആക്രമിക്കുന്നതെന്നും ആക്രമണത്തില്‍ ഇവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും ഇവരുടെ ഭര്‍ത്താവ് ഹരി സിങ് അറിയിച്ചു.
പ്രദേശവാസികള്‍ക്കും പറയാനുണ്ട്: മരിച്ച സ്‌ത്രീയുടെ വീട്ടിലും ശുചിമുറി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായതും ഇവര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതും. പ്രദേശത്ത സ്ഥാപിച്ച ക്യാമറയിലൂടെ പുലിയെ നിരീക്ഷിച്ചുവരികയാണെന്നും പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചതായും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അമർ സിങ് പറഞ്ഞു. എന്നാല്‍ ഗ്രാമത്തിൽ നിർമിച്ച പല ശൗചാലയങ്ങളുടെ പണികളും അപൂർണമാണെന്നും സർക്കാർ പദ്ധതി പ്രകാരം നിർമിച്ച കക്കൂസുകളിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്നും പ്രദേശവാസിയായ രാജ്‌കുമാര്‍ പറയുന്നു. പല കക്കൂസുകള്‍ക്കും മേല്‍ക്കൂരയില്ല. പലതിന്‍റെയും കുഴികൾ ഇത് വളരെ ചെറുതായതിനാല്‍ പെട്ടന്നുതന്നെ ഇവ നിറയും. സമാനമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ നിരവധി സ്‌ത്രീകളും പുരുഷന്മാരും തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കിയാണ് മലമൂത്രവിസർജ്ജനത്തിനായി തുറസായ സ്ഥലങ്ങളിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്‌ടോബറില്‍ ഉത്തര്‍ പ്രദേശിലെ തന്നെ ലഖിംപൂര്‍ഖേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ലഖിംപൂര്‍ഖേരി ജില്ലയിലെ രാമ്‌നഗര്‍കാലന്‍ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ വച്ചുണ്ടായ ആക്രമണത്തില്‍ 13 വയസുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അച്ഛനും സഹോദരനുമൊപ്പം കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവം വനംമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ സംഭവം നടക്കുന്നതിന് മുമ്പ് എട്ട് ദിവസങ്ങളിലായി ലഖിംപൂര്‍ഖേരി ജില്ലയില്‍ മാത്രം അഞ്ച് തവണയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.