ബെംഗളൂരു: കർണാടക ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിങ് മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. കർണാടക ബിജെപി ചുമതലയുള്ള നേതാവാണ് അരുൺ സിങ്. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ബിജെപി ദേശിയ ജനറൽ സെക്രട്ടറി എന്നതിന് പുറമെ ബിജെപി കർണാടക ഘടകത്തിൻ്റെ ചുമതലയുള്ള നേതാവ് കൂടിയാണ് അരുൺ സിങ്.
പാർട്ടിയുടെ വിമത നിയമസഭാംഗങ്ങളുമായും ഒറ്റത്തവണ കൂടിക്കാഴ്‌ച നടത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധി ചർച്ച ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്കെതിരെ എതിർപ്പും വിമർശനങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് ദേശിയ നേതൃത്വത്തിൻ്റെ ഇടപെടൽ.
യെഡിയൂരപ്പക്കെതിരെ ആഞ്ഞടിച്ച് എംഎൽസി എച്ച് വിശ്വനാഥ്
യെഡിയൂരപ്പയുടെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയായി ഈ സർക്കാരിനെ നയിക്കാൻ കഴിയില്ലെന്നും എംഎൽസി എച്ച് വിശ്വനാഥ് അഭിപ്രായപ്പെട്ടു. സർക്കാരിനെയും പാർട്ടിയെയും കുറിച്ചുള്ള പൊതുജനാഭിപ്രായം മോശമാണെന്നും ഇത് നല്ലതല്ലെന്നും അദ്ദേഹം യോഗത്തിൽ പ്രതികരിച്ചു.
Read more: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്
മുരുകേഷ് നിരാനി, ബസനഗൗഡ യത്‌നാൽ, അരവിന്ദ് ബെല്ല എന്നിവരുടെ പേരുകൾ നിർദേശിച്ച എംഎൽസി എച്ച് വിശ്വനാഥ്, യെഡിയൂരപ്പയെ നീക്കണമെന്നും അവശ്യമുന്നയിച്ചു. ജിൻഡാൽ കേസ് ഉയർത്തിക്കാട്ടിയാണ് യോഗത്തിൽ പ്രധാനമായും വിശ്വനാഥ് സംസാരിച്ചത്. യെഡിയൂരപ്പയും സംസ്ഥാന ബിജെപി വൈസ് പ്രസിഡൻ്റ് ബിവൈ വിജയേന്ദ്രയും അഴിമതിക്കാരാണെന്നും വിശ്വനാഥ് ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ച എച്ച് വിശ്വനാഥിനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എൻ രവികുമാർ അറിയിച്ചു.
എച്ച് വിശ്വനാഥിൻ്റെ പ്രസ്‌താവനക്കെതിരെ എൻ രവികുമാർ
എച്ച് വിശ്വനാഥിൻ്റെ പ്രസ്‌താവന സർക്കാരിനെയും പാർട്ടിയെയും അവഹേളിക്കുന്നതാണ്. ഇത് അപലപനീയമാണ്. ബിജെപിയുടെ നയങ്ങൾ മനസിലാക്കേണ്ടതുണ്ട്. യെഡിയൂരപ്പയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായമാണിത്. പാർട്ടി അത് നിരസിക്കുന്നുവെന്നും എൻ രവികുമാർ പറഞ്ഞു. സംഭവത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും എച്ച് വിശ്വനാഥിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുെമന്നും എൻ രവികുമാർ പറഞ്ഞു.
പിന്തുണച്ച് രമേശ് ജാർക്കിഹോളി
എന്നാൽ മുൻ മുഖ്യമന്ത്രി രമേശ് ജാർക്കിഹോളി യെഡിയൂരപ്പയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അടുത്ത രണ്ടര വർഷത്തേക്ക് യെഡിയൂരപ്പ മുഖ്യമന്ത്രിയായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമെന്ന് ജാർക്കിഹോളി നേരത്തെ പറഞ്ഞിരുന്നു.
എല്ലാ ബിജെപി എംഎൽഎമാരും ഒരു കുടുംബം പോലെയാണ്. ചുരുക്കം പേർ മാത്രമാണ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് യെഡിയൂരപ്പയുടെ വിശ്വസ്‌തൻ ആയിരുന്ന കെഎസ് ഈശ്വരപ്പ ഉൾപ്പെടെയുള്ള നേതാക്കൾ യെഡിയൂരപ്പക്കെതിരെ തുറന്നടിച്ചിരുന്നു. യെഡിയൂരപ്പ തൻ്റെ വകുപ്പിൽ അനാവശ്യമായി ഇടപെടുകയാണെന്നു ചൂണ്ടിക്കാട്ടി യെഡിയൂരപ്പയുടെ അതേ ജില്ലയായ ഷിവമോഗയിൽനിന്നുള്ള എംഎൽഎയും ഗ്രാമവികസന മന്ത്രിയുമായ ഈശ്വരപ്പ കർണാടക ഗവർണർക്കും കത്തയച്ചിരുന്നു.
പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജിവക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ യെഡിയൂരപ്പക്ക് അരുൺ സിങ്ങിൻ്റെയും പച്ചക്കൊടി ലഭിച്ചിരുന്നു.