റായ്‌പൂര്‍: ഒരു രൂപ കൊണ്ട് ഒന്നല്ല ഒരായിരം കുരുന്നുകളുടെ വിദ്യാഭ്യാസം സാധ്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂര്‍ സ്വദേശിനിയായ സീമ വര്‍മ. ആളുകളില്‍ നിന്ന് ഒരു രൂപ വീതം ശേഖരിച്ചാണ് (ക്രൗഡ് ഫണ്ടിങ്) നിയമ ബിരുദ വിദ്യാര്‍ഥിയായ സീമ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനുള്ള വഴി കണ്ടെത്തുന്നത്.
13000 കുട്ടികൾക്ക് ആശ്വാസം
ഒരു രൂപ ക്യാമ്പയിനിലൂടെ ഇതുവരെ 13,000 കുട്ടികളുടെ ചിലവുകളാണ് സീമ നടത്തിയത്. 2016ലാണ് സീമ ഒരു രൂപ ക്യാമ്പയിന്‍ ആരംഭിയ്ക്കുന്നത്. തുടക്കത്തിൽ 2,34,000 രൂപയാണ് പലരില്‍ നിന്നായി ശേഖരിച്ചത്. ആ പണം ഉപയോഗിച്ച് നിരവധി കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടച്ചു.
ആദ്യമൊക്കെ സീമയാണ് കുട്ടികളുടെ യൂണിഫോം ഉള്‍പ്പെടെയുള്ള പഠന ചിലവെല്ലാം നടത്തിയിരുന്നത്. പിന്നീട് സീമയുടെ ക്യാമ്പയിനെ കുറിച്ച് അറിഞ്ഞ് പല ആളുകളും സഹായിക്കാൻ തുടങ്ങി. ബിലാസ്‌പൂപര്‍ എസ്‌പി മയങ്ക് ശ്രീവാസ്‌തവ് ആറ് കുട്ടികളെ ദത്തെടുത്തു.
സ്‌പെഷ്യല്‍ ഡിജിപി ആര്‍കെ വിജ് പ്ലസ് ടുവില്‍ പഠിയ്ക്കുന്ന ഒരു വിദ്യാര്‍ഥിയുടെ ഒരു വര്‍ഷത്തേയ്ക്കുള്ള പഠന ചിലവ് ഏറ്റെടുത്തു. ബിലാസ്‌പൂര്‍ റേഞ്ച് ഐജി രത്തന്‍ലാല്‍ ദാംഗിയും സംരംഭത്തെ കുറിച്ച് അറിഞ്ഞ് സഹായവുമായി മുന്നോട്ട് വന്നു.
ലോക്ക്ഡൗൺ കാലത്ത് സാമ്പത്തിക സ്ഥിതിയില്ലാത്ത കുട്ടികൾക്ക് സീമ സൗജന്യ ട്യൂഷന്‍ നൽകിയിരുന്നു. യോഗ, നൃത്തം തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും കുട്ടികള്‍ക്ക് ലഭിയ്ക്കുന്നുണ്ട്.
പോക്‌സോ നിയമം, മൗലികാവകാശങ്ങൾ, ശൈശവ വിവാഹം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ബാലവേല, നല്ലതും ചീത്തയുമായ സ്‌പര്‍ശനം തുടങ്ങിയവയെക്കുറിച്ചും സീമ കുട്ടികളെ പഠിപ്പിക്കുന്നു. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും നിരവധി അംഗീകാരങ്ങളും ഇതിനിടെ സീമയെ തേടിയെത്തി.
Also read: പാവങ്ങള്‍ക്ക് തുണയായി 'പത്ത് രൂപ ഡോക്‌ടര്‍'