ചെന്നൈ : വിഖ്യാത ഗായിക ലത മങ്കേഷ്‌കറിന്‍റെ വിയോഗത്തില്‍ അവരെ അനുസ്‌മരിച്ച് സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്‍. ലതാജി ഇന്ത്യയുടെ പ്രബുദ്ധതയുടെ ഭാഗമായിരുന്നു. അവരുടെ പാട്ടുകൾ തനിക്ക് റെക്കോഡുചെയ്യാനും ഒപ്പം പാടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.
''വളരെയധികം സങ്കടം നല്‍കിയ ദിവസമാണ് ഇന്ന്. ലതാജി ഒരു ഗായികയും പ്രതീകവും മാത്രമല്ല, രാജ്യത്തിന്‍റെ പ്രബുദ്ധതയുടെയും ഭാഗമായിരുന്നു. ഹിന്ദുസ്ഥാനി, ഉറുദു സംഗീതങ്ങളുടെ ഭാഗമാവാന്‍ അവര്‍ക്ക് കഴിഞ്ഞു. അനേകം ഹിന്ദി കവിതകള്‍ ചൊല്ലുകയും പുറമെ നിരവധി ഭാഷകളിൽ പാടുകയുമുണ്ടായി''.
'പരിശീലനത്തിന്‍റെ പ്രധാന്യം മനസിലാക്കി'
''ഈ ശൂന്യത നമുക്കെല്ലാവർക്കും അനേകകാലത്തേക്ക് അനുഭവപ്പെടും. എന്‍റെ പിതാവിന്‍റെ കിടപ്പ് മുറിയില്‍ ലത മങ്കേഷ്‌കറിന്‍റെ ഒരു ചിത്രം ഉണ്ടായിരുന്നു. അവരുടെ ചിത്രം കണ്ടായിരുന്നു അദ്ദേഹം ഉറക്കമുണര്‍ന്നിരുന്നത്. സംഗീത സംവിധായകനായിരുന്ന എന്‍റെ പിതാവ് ആർ.കെ. ശേഖർ, റെക്കോർഡിങിന് പോകുന്നതിന് മുന്‍പ് ആ ചിത്രം കണ്ട് പ്രചോദം ഉള്‍ക്കൊണ്ടിരുന്നു''. അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ALSO READ: ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ
വേദികളില്‍ പാട്ട് അവതരിപ്പിക്കുന്നതിന് മുന്‍പായി വളരെ സാവധാനത്തില്‍ എല്ലാ വരികളും വ്യക്തമായും പാടി പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. സ്റ്റേജുകളിലെ അവതരണത്തിന് മുന്‍പ് വേണ്ട പരിശീലനത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കിയെന്നും അദ്ദേഹം അനുസ്‌മരണത്തില്‍ പറഞ്ഞു.
അതേസമയം, ലത മങ്കേഷ്‌കറുമൊന്നിച്ചുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു. ''സ്നേഹം, ബഹുമാനം, പ്രാര്‍ഥനകള്‍...''. 'ദിൽ സേ' എന്ന സിനിമയില്‍ 'ജിയ ജലെ', 'രംഗ് ദേ ബസന്തി'യില്‍ 'ലൂക്കാ ചുപ്പി' എന്നിങ്ങനെയുള്ള എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ ലത മങ്കേഷ്‌കര്‍ - എ.ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ പിറന്നിരുന്നു.
അനുസ്‌മരിച്ച് അമിതാഭ് ബച്ചന്‍
മുംബൈ : ഒരു ദശലക്ഷം നൂറ്റാണ്ടുകളുടെ ശബ്‌ദം നമ്മെ വിട്ടുപിരിഞ്ഞെന്ന്, ലത മങ്കേഷ്‌കറിന്‍റെ വിയോഗത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചൻ. തന്‍റെ സ്വകാര്യ ബ്ളോഗ് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
"അവൾ നമ്മെ വിട്ടുപോയി, ഒരു ദശലക്ഷം ശതകങ്ങളുടെ ശബ്‌ദം നമ്മെ വിട്ടുപോയി .. ആ ശബ്‌ദം ഇപ്പോൾ സ്വർഗത്തിൽ മുഴങ്ങുന്നുണ്ടാവും. ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടി പ്രാർഥിക്കുന്നു'' - അദ്ദേഹം കുറിച്ചു.