ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെ പൊലീസും സുരക്ഷ സേനയും ചേര്‍ന്ന് പിടികൂടി. മന്‍സീര്‍ നിവാസി ഉമർ ബഷീർ ഭട്ട് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും സുരക്ഷ സേന കണ്ടെത്തി.
പൊലീസും സുരക്ഷ സേനയും ചേര്‍ന്ന് സോപോര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രദേശത്ത് സംയുക്ത സേന തെരച്ചില്‍ നടത്തിയത്. ജമ്മു കശ്‌മീര്‍ പൊലീസിനൊപ്പം ഇന്ത്യന്‍ സൈന്യവും, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും പരിശേധനയുടെ ഭാഗമായി.
തെരച്ചിലിനിടെ അന്വേഷണ സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ പിടിയിലായ ഉമർ ബഷീർ ഭട്ട് ശ്രമിച്ചിരുന്നു. എന്നാല്‍ തന്ത്രപരമായി നടത്തിയ നീക്കത്തിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത് എന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളില്‍ നിന്നും ഒരു ഗ്രനേഡ്, പിസ്റ്റള്‍, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു.
ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പകളാണ് പിടിയിലായ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഉമർ ബഷീർ ഭട്ടിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജമ്മു കശ്‌മീരിലെ ടാര്‍സൂ പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനിടെ പിടിയിലാകുന്ന അഞ്ചാമത്തെ ആളാണ് ഉമർ ബഷീർ ഭട്ട്. നേരത്തെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള നാല് പേരെ സുരക്ഷ സേന പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു നാല് ഭീകരവാദികളെയും പൊലീസും സേനയും ചേര്‍ന്ന് പിടികൂടിയത്.
അവന്തിപോരയിലെ ഹഫൂ നഗീൻപോറ വനമേഖലയില്‍ നടത്തിയ തെരച്ചിലൊടുവിലാണ് ഇവരെ കണ്ടെത്തിയത്. വനത്തിനുള്ളിലെ ഭീകരവാദികളുടെ ഒളിത്താവളത്തില്‍ നിന്നായിരുന്നു ഇവരുടെ അറസ്റ്റ്. അറസ്റ്റിന് ശേഷം ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരവാദികളുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. തുടര്‍ന്നുള്ള പരിശേധനയില്‍ ഇവരില്‍ നിന്നും ആയുധങ്ങളും അന്വേഷണസംഘം കണ്ടെത്തി.
നേരത്തെ, ജനുവരിയില്‍ തന്നെ രണ്ട് ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു. ജമ്മു കശ്‌മീരിലെ ബുദ്‌ഗാം ജില്ലയിലായിരുന്നു ഈ സംഭവം.
സാഹിദ് റാഷിദ് ഷെയ്ഖ്, അർബാസ് അഹ് മിർ എന്നിവരായിരുന്നു അന്ന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് ശേഷം ഈ മേഖലയില്‍ വ്യാപക തെരച്ചിലും സുരക്ഷ സേന നടത്തി. ഇതില്‍ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ സേന കണ്ടെത്തിയിരുന്നു.
Also Read: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണ്: ഫറൂഖ് അബ്ദുല്ല