ബരാമുള്ള (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്‌ബയ്ക്ക് സഹായമെത്തിച്ച് നൽകുന്ന രണ്ടുപേര്‍ സോപോറിൽ അറസ്റ്റില്‍. ബന്ദിപ്പോര സ്വദേശി ഷാക്കിർ അക്ബർ ഗോജ്രി, ബരാമുള്ള സ്വദേശി മൊഹ്സിൻ വാനി എന്നിവരാണ് സുരക്ഷാസേനയുടെ പിടിയിലായത്.
സൊപോർ ഗൗസിയാബാദ് ചൗക്കിലെ ചിങ്കിപോരയിൽ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. ഡംഗർപോറയിൽ നിന്നും ചിങ്കിപോരയിലേക്ക് വന്ന രണ്ടുപേരുടെ നീക്കം സംശയാസ്‌പദമായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ സഞ്ചരിച്ച വാഹനം നിർത്താൻ സുരക്ഷാസേന ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു.
Also read: ബുദ്‌ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ പിടിയില്‍
ഇവരുടെ പക്കൽ നിന്ന് രണ്ട് ഗ്രനേഡുകൾ പൊലീസ് കണ്ടെടുത്തു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ അടിത്തട്ടിലെ പ്രവര്‍ത്തകരാണ് ഇവരെന്ന് തിരിച്ചറിഞ്ഞു. പിടിയിലായവർ സംഘത്തിലുള്ള കൂടുതൽ പേരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
സോപോർ സ്വദേശി ഹിമയൂൺ ഷാരിഖ്, നദിഹാൽ റാഫിയാബാദ് സ്വദേശി ഫൈസാൻ അഷ്‌റഫ് വാനി എന്നീ പേരുകളാണ് ഇവർ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു ചൈനീസ് പിസ്‌റ്റൾ, ഒരു പിസ്‌റ്റൾ മാഗസിൻ, ഏഴ് ലൈവ് പിസ്‌റ്റൾ റൗണ്ടുകൾ, 25 എകെ-47 റൗണ്ടുകൾ, സ്ഫോടകവസ്‌തുക്കൾ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.