ലഖ്‌നൗ (ഉത്തർപ്രദേശ്): ലഖ്‌നൗവിൽ ഹൈക്കോടതി ജഡ്‌ജിയേയും ഭാര്യയേയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തി ഭൂമി കയ്യേറ്റ മാഫിയ. മൊറാദാബാദ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജി സോമനാഥ് സിങിനെയും ഭാര്യയേയുമാണ് 25ഓളം വരുന്ന സംഘം തോക്ക് ചൂണ്ടി മർദിച്ച ശേഷം കവർച്ച നടത്തിയത്. ഇവരിൽ നിന്ന സ്വർണമാല, ലൈസൻസുള്ള റിവോൾവർ, റൈഫിള്‍ എന്നിവ സംഘം തട്ടിയെടുത്തു. നവംബർ മൂന്നിനായിരുന്നു സംഭവം.
ലഖ്‌നൗവിലെ പാര പ്രദേശത്ത് സോമനാഥ് സിങിന്‍റെ പേരിലുള്ള വസ്‌തുവിലെ പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി പ്രദേശത്തുള്ള ഭൂമാഫിയ സംഘങ്ങൾ തകർത്തിരുന്നു. ജഡ്‌ജിയുടെ വസ്‌തുവിന്‍റെ പരിസരത്ത് താമസിക്കുന്ന അബ്ബാസ്, അലി മുഹമ്മദ്, ഇർഫാൻ, ഇർഫാന്‍റെ ഭാര്യ എന്നിവർ ചേർന്നാണ് മതിൽ തകർത്തത്. ഇത് പരിശോധിക്കാൻ സ്ഥലത്ത് എത്തിയതായിരുന്നു ജഡ്‌ജിയും ഭാര്യയും.
തകർന്ന മതിൽ പരിശോധിക്കുന്നതിനിടെ 25 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി സോമനാഥ് സിങ്ങിനെയും ഭാര്യയേയും ആക്രമിക്കുകയായിരുന്നു. 'നിങ്ങളുടെ ഭൂമിയെ മറന്നേക്കൂ' എന്ന് ആക്രോശിച്ചുകൊണ്ടെത്തിയ സംഘം ഇരുവരെയും മർദിച്ച ശേഷം തോക്ക് ചൂണ്ടി സ്വർണമാലയും ജഡ്‌ജിയുടെ ലൈസൻസുള്ള റിവോൾവറും കവരുകയായിരുന്നു. ശേഷം പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടു.
അതേസമയം സംഭവത്തിന് പിന്നാലെ പരാതി നൽകിയെങ്കിലും നവംബർ ഏഴിനാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് ജഡ്‌ജി ആരോപിച്ചു. എന്നാൽ പ്രതികൾ ഒളിവിലാണെന്നും ജഡ്‌ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കക്കോരി എസിപി അനിധ്ര വിക്രം സിങ് പറഞ്ഞു.