കൊല്‍ക്കത്ത : ബുധനാഴ്‌ച പാര്‍ലമെന്‍റിലുണ്ടായ സുരക്ഷ വീഴ്‌ചയുടെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന ലളിത് ഝാ ഡല്‍ഹി പൊലീസില്‍ കീഴടങ്ങി. കേസിലെ ആറാം പ്രതിയാണ് ഝാ (Lalit Jha, 'mastermind' of Parliament security breach). ബിഹാർ സ്വദേശി ലളിത് ഝാ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ലളിതിനെ ഡല്‍ഹിയില്‍ നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പാര്‍ലമെന്‍റിനു പുറത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത് ലളിത് ഝാ ആണ്.
കൊല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ ലളിത്, രാജ്യത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആറു പേരും പാര്‍ലമെന്‍റിന് ഉള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രമാണ് പാസ് ലഭിച്ചത്.
ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിലെ എട്ട് സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട് ( surrenders before Delhi Police). കൊല്‍ക്കത്തയിലെ ലാല്‍ ബസാറില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ആളാണ് കീഴടങ്ങിയ ഝാ.
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പൊലീസ് സ്ഥലത്തെത്തി ഝായുടെ വീട്ടുടമയുമായി സംസാരിച്ചിരുന്നു. ഇയാള്‍ കൃത്യസമയത്ത് ഓണ്‍ലൈനായി വാടക അടച്ചിരുന്നതായി വീട്ടുടമ പറഞ്ഞു. പരസ്‌പരം അധികം കണ്ടിരുന്നില്ലെന്നും വീട്ടുടമ വ്യക്തമാക്കി. വര്‍ഷങ്ങളായി നഗരത്തില്‍ താമസിക്കുന്ന ആളാണെങ്കിലും ഇയാള്‍ക്ക് ആരുമായും വലിയ ബന്ധങ്ങളില്ല (arrested four in police custody).
Also Read: പാർലമെന്‍റ് മന്ദിരത്തിലെ അക്രമം : അറസ്റ്റിലായ നാലുപേരും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
പുരുലിയ ജില്ലയിലെ ഒരു എന്‍ജിഒയിലും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘം ഉടന്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കും. ഡല്‍ഹി പൊലീസിന് വേണ്ട എല്ലാ സഹായവും തങ്ങള്‍ നല്‍കുമെന്നും കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.
ഇതിനിടെ ലളിത് ഝായും ടിഎംസി നേതാവ് തപസ് റോയും തമ്മില്‍ അടുപ്പമുണ്ടെന്ന ആരോപണവുമായി ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷന്‍ സുകാന്ത മജുംധാര്‍ രംഗത്തെത്തി. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ഇദ്ദേഹം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. തപസ് റോയിക്കെതിരെ അന്വേഷണം നടത്താന്‍ ഈ ചിത്രം തന്നെ വലിയ തെളിവല്ലേ എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേര്‍ അറസ്റ്റിലായിരുന്നു. കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്‌ത ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതികളായ സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവർ സന്ദർശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭ ചേംബറിലേക്ക് ചാടുകയായിരുന്നു.