എറണാകുളം : വിവാദ തീരുമാനങ്ങൾ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിനെതിരെ കരിദിനം ആചരിച്ച് ലക്ഷദ്വീപ് ജനത. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും, വീടുകളിലും പൊതുസ്ഥലങ്ങളിലും കറുത്ത പതാകകൾ സ്ഥാപിച്ചുമാണ് ദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്നത്.
ഔദ്യോഗിക സന്ദർശനത്തിനായി അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ തിങ്കളാഴ്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന സാഹചര്യത്തിലാണ് സേവ് ലക്ഷദ്വീപ് ഫോറം കരിദിനം ആഹ്വാനം ചെയ്തത്.
പ്രഫുൽ പട്ടേൽ കവരത്തിയിലാണ് ആദ്യം സന്ദർശനം നടത്തുക. ലക്ഷദ്വീപിലെ ഊർജ സ്വകാര്യവത്കരണം, സ്മാർട്ട് സിറ്റി പദ്ധതികൾ, ഇക്കോ ടൂറിസം പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് അദേഹം ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തും. ചില പദ്ധതികളുടെ ശിലാസ്ഥാപനവും അഡ്മിനിസ്ട്രേറ്റർ നിർവഹിക്കും.
ഇരുപതാം തിയ്യതി അഡ്മിനിസ്‌ട്രേറ്റർ തിരിച്ചുപോകും വരെ സമാധാനപരമായി പ്രതിഷേധം തുടരാനാണ് ലക്ഷദ്വീപ് സേവ് ഫോറത്തിന്‍റെ തീരുമാനം. അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്.
തുടർ പ്രതിഷേധം ചർച്ച ചെയ്യാൻ ലക്ഷദ്വീപ് സേവ് ഫോറം തിങ്കളാഴ്ച യോഗവും ചേരും. പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദ്വീപിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.