ലഖ്‌നൗ: ലഖിംപൂർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്‌തു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ അങ്കിത് ദാസ്, ലത്തീഫ് എന്ന കാലെ എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാൻഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ വിധി പറയാനായി മാറ്റിയിട്ടുണ്ട്.
ഇരുവരുടേയും അറസ്റ്റോടെ ഒക്ടോബര്‍ മൂന്നിന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. കേന്ദ്രമന്ത്രി അജയ് മിശ്രമയുടെ മകന്‍ ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ഭാരതി, അങ്കിത്, കാലെ എന്നീങ്ങനെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
also read: വാക്സിൻ വിതരണത്തില്‍ രാജ്യം 100 കോടിയിലേക്ക്: മൻസുഖ് മാണ്ഡവ്യ
അതേസമയം കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയും കൂട്ടാളി ആശിഷ് പാണ്ഡെയും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്ത റാം തള്ളിയതായി സീനിയർ പ്രോസിക്യൂഷൻ ഓഫീസർ (എസ്പിഒ) എസ്പി യാദവ് പറഞ്ഞു.
12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒക്ടോബർ 9ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ആശിഷ് മിശ്ര ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണ്.