ഉത്തർപ്രദേശ് : ലഖിംപൂർ ഖേരി കര്‍ഷക ഹത്യ കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്‍റേതാണ് നടപടി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. 2021 ഒക്ടോബര്‍ മൂന്നിന് കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിനിടെ, കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കർഷകർക്ക് നേരെയായിരുന്നു നിഷ്ഠൂരമായ അതിക്രമം.
ആക്രമണത്തിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലുമായി എട്ടുപേരാണ് കൊല്ലപ്പെട്ടത്. നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും മറ്റ് മൂന്ന് പേരും ഉൾപ്പെടെ കൊല്ലപ്പെട്ട അക്രമത്തിന് പിന്നിൽ അജയ് മിശ്രയും മകൻ ആശിഷ് മിശ്രയുമാണെന്ന് കർഷകർ ആരോപിച്ചിരുന്നു.
ALSO READ:വോട്ടര്‍മാര്‍ 'അബദ്ധം' കാണിക്കരുത് യുപി കേരളമാകും, വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്
ലഖിംപൂർ ഖേരി അക്രമത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. മരണങ്ങൾ അശ്രദ്ധമൂലം സംഭവിച്ചതല്ലെന്നും പ്രതികളുടെ പ്രവർത്തനങ്ങൾ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ബോധപൂർവ്വം ആയിരുന്നെന്നും കുറ്റപത്രം പറയുന്നു.