ഭുവനേശ്വര്‍ : ഒഡിഷയിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്കെതിരെയുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്ന് അര്‍ച്ചന നാഗ്. തന്നോടൊപ്പം പങ്കാളികളായവരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്‍റെ നിലവിലെ സാഹചര്യം തന്നെ മാറി മറിയുമെന്നും ഇഡിയുടെ ചോദ്യം ചെയ്യലിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകും മുന്‍പ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
'എന്നെ കേസില്‍ കുടുക്കിയതാണ്. ഒരു 30 മിനിട്ട് കിട്ടിയാല്‍ ഞാന്‍ എല്ലാ കാര്യങ്ങളും തുറന്നുപറയും. ഞാന്‍ ആരെയും വെറുതെ വിടാന്‍ പോകുന്നില്ല. പലതും വെളിപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്‍റെ സാഹചര്യം മാറി മറിയും' - അര്‍ച്ചന പറഞ്ഞു.
'ഞാന്‍ ഒരു ഭീകരവാദിയല്ല. പൊലീസ് കമ്മിഷണറേറ്റില്‍ നിന്ന് എനിക്കും എന്‍റെ കുടുംബത്തിനും ഭീഷണിയുണ്ടായി. എന്നെ അറസ്‌റ്റ് ചെയ്‌തത് ഗൂഢാലോചനയുടെ ഭാഗമായാണ്'- അര്‍ച്ചന നാഗ് ആരോപിച്ചു.
സെക്‌സ് റാക്കറ്റ് നടത്തിപ്പ്, സമൂഹത്തില്‍ സ്വാധീനമുള്ള സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള കേസില്‍ ഒക്‌ടോബര്‍ ആറിനാണ് അര്‍ച്ചന നാഗ് അറസ്‌റ്റിലാകുന്നത്. കേസില്‍ അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ദു ചന്ദിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഒന്‍പത് പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെടുത്തുന്ന സ്‌ത്രീകളെ പണവും സ്വാധീനവുമുള്ള വ്യക്തികള്‍ക്കെത്തിച്ചുകൊടുക്കുകയും ഇവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ പണം തട്ടുന്നത്. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് അര്‍ച്ചന തന്നെ ഭീഷണിപ്പെടുത്തിയതായി ഒഡിഷയിലെ പ്രമുഖ സംവിധായകന്‍ അക്‌ഷ്യ പരിജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2018 മുതല്‍ ഇതുവരെ ഭുവനേശ്വര്‍ - സത്യവിഹാറില്‍ ബംഗ്ലാവ് ഉള്‍പ്പടെ 30 കോടിയുടെ സ്വത്തുക്കള്‍ ഇരുവരും ചേര്‍ന്ന് സമ്പാദിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയ ആര്‍ക്കിടെക്‌റ്റ് രഞ്ജിത്ത് ബെഹ്‌റയെയും കോണ്‍ട്രാക്‌റ്റര്‍ പബിത്ര പത്രയെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. കൂട്ടുപ്രതിയായ ജഗബന്ദു ചന്തിനെ ഡിസംബര്‍ 7ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തെ ഇഡി കസ്‌റ്റഡിക്ക് ശേഷം ഡിസംബര്‍ 13ന് അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കും.