ഡെറാഡൂൺ: കൊവിഡിനെ തുടർന്ന് ഈ വർഷത്തെ കുംഭമേള 30 ദിവസത്തേക്ക് പരിമിതപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ. മാർച്ച് മാസം അവസാനത്തോടെ ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും ഏപ്രിൽ ഒന്ന് മുതൽ 30 വരെയാകും മേള നടത്തുകയെന്നും ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. കൊവിഡ് ഹോട്ട്സ്‌പോട്ട് ആയേക്കുമെന്ന സാഹചര്യം കണക്കിലെടുത്ത് കുംഭ മേളയുടെ കാലാവധി കുറക്കുകയായിരുന്നു.
തീർഥാടകർക്ക് കുംഭ മേളയിൽ പങ്കെടുക്കാൻ പാസ് ആവശ്യമാണെന്ന് ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കർ പറഞ്ഞിരുന്നു. ആർടി പിസിആർ ടെസ്റ്റ് പ്രകാരം നെഗറ്റീവായവർക്ക് മാത്രം പാസ് നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് 70,000 ഡോസ് കൊവിഡ് വാക്‌സിനുകൾ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി സിസിടിവി ക്യാമറകളും കുംഭ മേള സംഘാടകർ സ്ഥാപിച്ചിട്ടുണ്ട്.