കുളു : ഹിമാചൽ പ്രദേശിൽ (Himachal Pradesh) ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു (Buildings Collapse). കുളു(Kullu) ജില്ലയിലെ ആനി പട്ടണത്തിലാണ് വൻ മണ്ണിടിച്ചിൽ (Massive Landslide) ഉണ്ടായത്. അപകടത്തിൽ വീടുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സംഭവത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടിട്ടില്ല. ഹിമാചലിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ നിരവധി നാശനഷ്‌ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. കനത്ത മഴയിൽ (Heavy Rain) കുളു - മാണ്ഡി ഹൈവേ തകർന്നതായും (Road Collapsed) റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് 10 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടതായും നൂറോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതായുമാണ് വിവരം.
Also Read : Himachal rains| ഷിംലയിൽ ഉരുൾപൊട്ടൽ; ബഹുനില കെട്ടിടം ഉൾപ്പെടെ എട്ടോളം വീടുകൾ ഒലിച്ചുപോയി, 2 മരണം
എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നതായി കുളു പൊലീസ് സൂപ്രണ്ട് സാക്ഷി വർമ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ നിലവിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലവർഷത്തിൽ മാത്രം ഹിമാചലിൽ ഇതുവരെ 113 ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്‌തത്.
മഴക്കെടുതിയിൽ വിറച്ച് ഹിമാചൽ : പ്രകൃതി ദുരന്തങ്ങളിലായി 224 മരണങ്ങളും മഴക്കെടുതിയിൽ 119 മരണങ്ങളും സർക്കാർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജൂൺ 24 വരെ വിവിധയിടങ്ങളിലായി 1,376 വീടുകൾ പൂർണമായും 7,935 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഒരാഴ്‌ച മുൻപ് കൃഷ്‌ണനഗർ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ റിസോർട്ട് തകർന്ന് എട്ടോളം വീടുകൾ ഒലിച്ചുപോയിരുന്നു. അപകടത്തിൽ ആറ് പേർ മരണപ്പെട്ടിരുന്നു.
Also Read : Himachal Pradesh Rains | ഹിമാചലില്‍ കലിതുള്ളി പെരുമഴ; 257 മരണം, കോടി കണക്കിന് രൂപയുടെ നാശനഷ്‌ടം
ഇതിന് മുൻപ് സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിലും ഫാഗ്ലിയിലുമുണ്ടായ മണ്ണിടിച്ചിലിൽ 17 പേരാണ് മരണപ്പെട്ടത്. ക്ഷേത്രത്തിൽ ശിവപൂജയ്‌ക്കെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് ക്ഷേത്രം തകർന്ന് വീഴുകയായിരുന്നു. സോളിനിലെ കാണ്ഡഘട്ട്, ജാഡോണ്‍ മേഖലകളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്.
സമ്മര്‍ ഹില്ലിലുണ്ടായ മണ്ണിടിച്ചിലില്‍ ഷിംല, കല്‍ക്ക റെയില്‍വേ ലൈനിന്‍റെ ഭാഗങ്ങള്‍ ഒഴുകി പോയതായും നിരവധിയിടങ്ങളില്‍ റെയില്‍വേ ട്രാക്ക് തകര്‍ന്നതായും റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും സംസ്ഥാനത്ത് നിരവധി റോഡുകൾ തകരുകയും പല ജില്ലകളിലും വൈദ്യുതിയും ജവവിതരണവും മുടങ്ങുകയും ഉണ്ടായി. അതേസമയം, ഹിമാചല്‍ പ്രദേശിൽ സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.