ബംഗളൂരു: ശമ്പള പരിഷ്‌ക്കണം ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസവും ബസ് സർവീസുകളെ ബാധിച്ചു. ഏപ്രിൽ 7 മുതലാണ് പൊതുഗതാഗത സേവന ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരത്തിന്‍റെ മൂന്നാം ദിവസം ബെൽഗവി ജില്ലയിലെ ശിവകുമാർ നീലഗർ എന്ന ഗതാഗത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തതോടെ സമരം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്. അധികാരികളുടെ സമ്മർദ്ദത്തെ തുടർന്ന് ഡ്യൂട്ടി നൽകാത്തതിനാൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വസന്ത രാമദുർഗ (48) എന്ന കെഎസ്‌ആർടിസി ഡ്രൈവറെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്‌ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ ശിവകുമാർ കല്ലഹള്ളി, നാഗരാജ എന്നീ പ്രതികൾക്കെതിരെ സന്ദൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേ സമയം സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ബെല്ലാരിയിൽ നിന്ന് ഗുണ്ടക്കലിലേക്ക് കെഎസ്‌ആർടിസി ബസ് ഓടിച്ച ഡ്രൈവർക്ക് പ്രതിഷേധ സൂചകമായി അനുശോചനം രേഖപ്പെടുത്തി. അനുശോചനം രേഖപ്പെടുത്തിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
ഏപ്രിൽ 7 മുതലാണ് പൊതുഗതാഗത സേവന ജീവനക്കാരുടെ കോർപ്പറേഷനുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് ഈസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.