ന്യൂഡല്‍ഹി: കൃഷ്‌ണ ജന്മഭൂമി കേസില്‍ (Krishna Janmabhoomi Case) ഷാഹി ഈദ്ഗാഹ് മസ്‌ജിദില്‍ പരിശോധന നടത്താനുള്ള നടപടികള്‍ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി (Supreme Court Stayed Shahi Eidgah Mosque Survey). മസ്‌ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചത്. സര്‍വേ നടപടികള്‍ക്കായി അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി അവ്യക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അത് പരിഹരിക്കേണ്ട ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹിന്ദു പക്ഷത്തിന് ആവശ്യമുള്ള കാര്യം കൃത്യമായി പറയണമെന്നും അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് മഥുര ശ്രീകൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയത്. അഭിഭാഷകനായ വിഷ്‌ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. ഹിന്ദു ക്ഷേത്രത്തിന്‍റേതായ അടയാളങ്ങളും ചിഹ്നങ്ങളും മസ്‌ജിദില്‍ ധാരാളമായി ഉണ്ടെന്നും അവയുടെ യഥാർത്ഥ സ്ഥാനം അറിയാൻ കമ്മീഷണറെ നിയോഗിക്കണം എന്ന ആവശ്യവുമായിരുന്നു ഹര്‍ജിയില്‍.
ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു മസ്‌ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇടപടെല്‍. അതേസമയം, കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരാമെന്നും സുപ്രീം കോടതി അറിയിച്ചു (Supreme Court On Krishnajanmabhoomi Case).
Also Read : കൃഷ്‌ണ ജന്മഭൂമി കേസ് : ഷാഹി ഈദ്ഗാ മസ്‌ജിദിൽ സർവേയ്ക്ക് കമ്മീഷണറെ നിയോഗിച്ച് അലഹബാദ് ഹൈക്കോടതി