ബെംഗളുരു: ഹോർട്ടിക്കൾച്ചർ കർഷകരുടെ ഉൽപ്പന്നങ്ങൾ സർക്കാർ നേരിട്ട് സംഭരിക്കണമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ഡി.കെ ശിവകുമാർ. ലോക്ക്ഡൗണിൽ കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ രണ്ട് മണിക്കൂർ മാത്രമേ സമയം അനുവദിക്കുന്നുള്ളൂവെന്നും കർഷകരിൽ നിന്ന് പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഉൽപന്നങ്ങളും ഉടനടി വാങ്ങുകയും നിശ്ചിത വിലയ്ക്ക് റീട്ടെയിൽ വിപണിയിൽ വിൽക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോട് ശിവകുമാർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ശിവകുമാർ തന്‍റെ ദ്വിദിന ധാർവാഡ്, ഹവേരി ജില്ലാ സന്ദർശനത്തിൽ കർഷകരുമായി സംവദിക്കും. ലോക്ക്ഡൗണിൽ ഹോർട്ടിക്കൾച്ചർ കർഷകരുടെ അവസ്ഥ പരിതാപകരമാണെന്നും ഉൽപ്പന്നങ്ങൾ ചെറിയ തോതിൽ വിൽക്കാൻ നിർബന്ധിതരാകുന്നുവെന്നും ഡി.കെ ശിവകുമാർ ചൂണ്ടിക്കാട്ടി
സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്ന ദുരിതാശ്വാസ പാക്കേജ് വളരെ തുച്ഛമാണെന്നും നാലിലൊന്ന് കർഷകർക്ക് പോലും പാക്കേജ് ലഭ്യമാകുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. ഇതിനകം ആരംഭിച്ച വിത്ത് വിതയ്ക്കൽ സീസണിലേക്കുള്ള വിത്തുകളും വളങ്ങളും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകരെന്നും ചില സ്വകാര്യ വ്യക്തികളുടെ താൽപര്യപ്രകാരം കാർഷിക മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെപിസിസി മേധാവി ശിവകുമാർ ആരോപിച്ചു.
Also Read: ഇന്ന് ലോക ക്ഷീര ദിനം; പ്രതിസന്ധികൾക്ക് നടുവിൽ ക്ഷീര കർഷകർ
പാർട്ടിയുടേയും പ്രവർത്തകരുടെയും കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായുള്ള പര്യടനത്തിലാണെന്ന് താൻ എന്ന് പറഞ്ഞ ശിവകുമാർ ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ബാർബർമാർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംവദിക്കുമെന്ന് അറിയിച്ചു.