ന്യൂഡൽഹി : എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയുടെ വീട്ടിൽ പരിശോധന നടത്തി കേരള പൊലീസ്, ഡൽഹി പൊലീസ് സംഘങ്ങള്‍. ബുധനാഴ്‌ച രാവിലെയാണ് പ്രതിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ സംയുക്‌ത പരിശോധന നടന്നത്. ഏകദേശം ഒന്നര മണിക്കൂറോളം പൊലീസ് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. ഷഹറൂഖിന്‍റെ പിതാവ് ഉൾപ്പടെയുള്ളവരെയും പൊലീസ് ചോദ്യം ചെയ്‌തു.
അതേസമയം മാർച്ച് 31ന് ഷഹറൂഖ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും അതിന് ശേഷം തിരികെ വന്നിട്ടില്ലെന്നും ഇയാളുടെ പിതാവ് പറഞ്ഞു. 'ഡൽഹി പൊലീസും കേരള പൊലീസും സംയുക്തമായാണ് വീട്ടിൽ പരിശോധന നടത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം പൊലീസ് വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെ പൊലീസ് സംഘം ഷഹറൂഖിന്‍റെ മുറിയും പരിശോധിച്ചു.
പൊലീസ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ കൈമാറിയിട്ടുണ്ട്. മാർച്ച് 31 ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഷഹറൂഖ്. മകനെ കാണാതായതിനെത്തുടർന്ന് ഷഹീൻ ബാഗ് പൊലീസിൽ ഞങ്ങൾ പരാതി നൽകിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഷഹറൂഖ് നോയിഡയിൽ ആശാരിയായി ജോലി ചെയ്‌ത് വരികയായിരുന്നു' - പിതാവ് വ്യക്‌തമാക്കി.
പിടികൂടിയത് രത്നഗിരിയിൽ നിന്ന് : ഇന്നലെ രാത്രിയാണ് മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽ നിന്ന് ഷഹറൂഖിനെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്‍റലിജൻസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. തീവയ്പ്പ് നടത്തിയ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും ശേഖരിച്ച വിവരങ്ങളും പൊലീസ് തയാറാക്കിയ രേഖാചിത്രവും അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.
രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്തെ ആശുപത്രികളിലടക്കം സംഘം അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് മഹാരാഷ്‌ട്രയിലെ രത്‌നഗിരി സ്റ്റേഷന് അടുത്തുളള ആശുപത്രിയില്‍ പൊള്ളലേറ്റ നിലയില്‍ ഒരാള്‍ ചികിത്സയിലുള്ളതായി വിവരം ലഭിച്ചത്. അന്വേഷണ സംഘം എത്തിയതറിഞ്ഞ് രത്‌നഗിരിയിലെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ഷഹറൂഖ് സെയ്‌ഫിയുടെ കൈവശമുണ്ടായിരുന്ന ഫോണാണ് ഇയാളെ കുടുക്കിയത്. മാർച്ച് 31 മുതൽ വീട്ടിൽ നിന്ന് കാണാതായ ഇയാളുടെ കൈവശം രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ കയറി അക്രമം നടത്തിയ ശേഷം ട്രാക്കിൽ നിന്ന് കിട്ടിയ ഇയാളുടെ ബാഗിൽ നിന്ന് സിം കാർഡ് ഇല്ലാത്ത ഫോണും മറ്റ് വിവരങ്ങളും ആണ് ലഭിച്ചിരുന്നത്.
നാടിനെ നടുക്കിയ ആക്രമണം : ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ തീവയ്പ്പ് നടന്നത്. ട്രെയിനിലേക്കെത്തിയ പ്രതി യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീവെയ്ക്കുകയായിരുന്നു. രണ്ട് വയസുകാരി ഉള്‍പ്പടെ മൂന്ന് പേരാണ് സംഭവത്തില്‍ മരിച്ചത്.
ALSO READ: വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ
മരിച്ചവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. ഇവർ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതോണോ അതോ അക്രമി തള്ളിയിട്ടതാണോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയതിനെ തുടർന്ന് ട്രെയിനിലെ യാത്രക്കാരായ ഒൻപത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.