കോട്ടയം: സിനിമ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം പ്രദേശത്തെ സപ്‌തസ്വര നിവാസിൽ ധനുഷ് ഡാർവിനെയാണ് (27) തലയോലപ്പറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് മിഥുൻ ജിത്ത് ആക്രമണത്തിന് ഇരയായത്.
ജൂലൈ 22 ന് മണിശേരിയിലുള്ള ഷൂട്ടിങ് സെറ്റിന് സമീപത്തുവച്ചാണ് സംഭവം. ധനുഷ് ഡാർവിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരക ആയുധങ്ങളുമായി എത്തിയാണ് മിഥുന് നേരെ തിരിഞ്ഞത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വൈക്കം ഡി.വൈ.എസ്.പി തോമസ് എ.ജെ, തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.എസ് ജയൻ, എസ്.ഐമാരായ ദീപു ടി.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, പ്രതിക്കെതിരായി നിരവധി കേസുകള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.