കോലാർ: കർണാടകയിൽ മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വരുണയ്‌ക്ക് പുറമെ കോലാറിൽ കൂടി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോലാറിൽ സീറ്റ് നൽകാൻ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. പകരം കൊത്തൂർ മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയത്.
സിദ്ധരാമയ്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശനിയാഴ്‌ച കോൺഗ്രസ് പ്രവർത്തകരും സിദ്ധരാമയ്യ അനുകൂലികളും കോലാറിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ സിദ്ധരാമയ്യക്ക് വേണ്ടി കോലാർ സീറ്റ് വിട്ടുനൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിയുക്ത സ്ഥാനാർഥി കൊത്തൂർ മഞ്ജുനാഥ്. കോലാർ മണ്ഡലം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മഞ്ജുനാഥ് പറഞ്ഞത്.
ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയത് തന്നെ അദ്‌ഭുതപ്പെടുത്തി. താനൊരു നല്ല സംഘാടകനായതുകൊണ്ടാകാം തനിക്ക് സീറ്റ് നൽകിയത്. എന്നാൽ കോലാർ ടിക്കറ്റ് സിദ്ധരാമയ്യക്ക് നൽകണമെന്ന് താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നുണ്ട്. സിദ്ധരാമയ്യ കോലാറിൽ മത്സരിച്ചാൽ താൻ സ്വാഗതം ചെയ്യും. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കളായ രമേഷ് കുമാർ, നസീർ അഹമ്മദ്, അനിൽകുമാർ, വിആർ മഞ്ജുനാഥ്, സുദർശൻ എന്നിവർ അനുവാദം നൽകിയാൽ മത്സരിക്കാൻ താൻ തയ്യാറാണ്. കൊത്തൂർ മഞ്ജുനാഥ് പറഞ്ഞു.
കോലാറിൽ നിന്ന് സിദ്ധരാമയ്യ ഔട്ട്: സിദ്ധരാമയ്യക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. 2018ല്‍ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച സിദ്ധരാമയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്നാണ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നത്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറ് മാസമായി മണ്ഡലത്തിൽ പ്രചാരണവും അദ്ദേഹം നടത്തി വരികയായിരുന്നു.
ആറിലധികം തവണ കോലാറിലെത്തി അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. കോലാറില്‍ സിദ്ധരാമയ്യക്ക് സീറ്റുനല്‍കുന്നതില്‍ നേരത്തെ ഡികെ ശിവകുമാര്‍, ജി പരമേശ്വരയുമടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സവാദി അത്താണിയിൽ: ഡികെ ശിവകുമാർ കനകപുരയിൽ നിന്നും ജി പരമേശ്വര കൊരട്ടഗെരെയിലും എംബി ഭാട്ടിൽ ബാബലേശ്വരിലും മത്സരിക്കും. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിതപുരിയിൽ നിന്നാണ് ജനവിധി തേടുന്നത്. സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട ലക്ഷ്‌മണ്‍ സവാദിക്ക് അത്താണിയിലാണ് കോണ്‍ഗ്രസ് സീറ്റ് നൽകിയിട്ടുള്ളത്. ബിജെപി വിട്ടതിന് പിന്നാലെ സവാദിയുമായി ശിവകുമാറും സിദ്ധരാമയ്യയും കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് അത്താണിയിൽ സീറ്റ് നൽകാൻ തീരുമാനമായത്.
കർണാടക പിടിക്കാൻ കോണ്‍ഗ്രസ്: തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പദ്ധതികളാണ് കോണ്‍ഗ്രസ് കർണാടകയിൽ ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തി 66 എഐസിസി നിരീക്ഷകരെയാണ് കോണ്‍ഗ്രസ് കർണാടകയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മുതിർന്ന നേതാക്കൾ, എംഎൽഎമാർ, എംപിമാർ, മുൻ മന്ത്രിമാർ എന്നിവർക്കാണ് ഇതിന്‍റെ ചുമതലകൾ നൽകിയിട്ടുള്ളത്.
മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഐസിസി നിരീക്ഷകരുടെ പ്രഖ്യാപനവും നടത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 224 സീറ്റുകളിൽ 207 സ്ഥാനാർഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നടക്കുമെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്.