കൊൽക്കത്ത: ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാജ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ പ്രതി രണ്ട് വ്യാജ ക്യാമ്പുകൾ സംഘടിപ്പിച്ചെന്ന് പൊലീസ്. സിറ്റി കോളജിലും കസബയിലുമായി രണ്ട് വ്യാജ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യൽ തുടരുന്നു
ദേബാഞ്ജൻ ദേബിന്‍റെ സ്റ്റാഫുകളേയുെം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 10 പേരെ നിലവിൽ ചോദ്യം ചെയ്തെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ ഇനിയും കേസിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഏജൻസികൾക്ക് കത്തുകൾ എഴുതുന്നത് ഇയാൾ പതിവാക്കിയിരുന്നു. ഇരകളെ ബോധ്യപ്പെടുത്തുന്നതിന് ആ കത്തുകളിൽ രസീത് സ്റ്റാമ്പുകൾ ഒട്ടിക്കും. അത്തരമൊരു കത്തിന് അദ്ദേഹം തന്നെ പ്രതികരണവും എഴുതുമായിരുന്നു, ”പൊലീസ് പറഞ്ഞു
"deputymanagerkmcgov.org പോലുള്ള വ്യാജ ഇമെയിൽ അക്കൗണ്ടുകൾ അദ്ദേഹം ഉണ്ടാക്കിയിരുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഡബ്ല്യുബിഎസ്‌ഇസി എന്നീ വകുപ്പുകളുടെ ധാരാളം സ്റ്റാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇയാൾക്ക് ഉണ്ട് ” പൊലീസ് കൂട്ടിച്ചേർത്തു.
നടപടി മിമി ചക്രബർത്തിയുടെ പരാതിയിൽ
ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നൂറുകണക്കിനു ആളുകള്‍ക്കായി വ്യാജ വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചെന്ന തൃണമൂൽ എംപി മിമി ചക്രബർത്തിയുടെ പരാതിയിൽ ആണ് ദേബന്‍ജന്‍ ദേവ് അറസ്റ്റിലാകുന്നത്.
വാക്‌സിന്‍ എടുത്തതിനുശേഷം ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയാണു മിമി ചക്രവര്‍ത്തി എംപി പൊലീസില്‍ പരാതി നല്‍കിയത്. ദേബന്‍ജന്‍ ദേവ് ദക്ഷിണകൊല്‍ക്കത്തയില്‍ നടത്തിയ വാക്‌സിനേഷന്‍ ക്യാംപില്‍ മുഖ്യാതിഥിയായാണ് നടിയും എംപിയുമായ മിമി ചക്രവര്‍ത്തി പങ്കെടുത്തത്.
250 ഓളം പേര്‍ ക്യാംപില്‍ പങ്കെടുത്തിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയാണ് ദേബന്‍ജന്‍ എംപിയെ ക്യാംപിലേക്കു ക്ഷണിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനാണു ക്യാംപ് സംഘടിപ്പിക്കുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന പ്രത്യേക ദൗത്യത്തിലാണെന്നും ദേബന്‍ജന്‍ എംപിയോടു പറഞ്ഞിരുന്നത്.
വാക്‌സിനെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാണ് ക്യാംപിന് എത്തിയതെന്നും കോവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ചുവെന്നും എംപി പറഞ്ഞു. എന്നാല്‍ കോവിന്‍ പോര്‍ട്ടലില്‍നിന്നു സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയാണു സംശയം തോന്നിയത്. വാക്‌സിന്‍ എടുക്കാന്‍ വന്ന ആരില്‍നിന്നും ആധാര്‍ അടക്കമുള്ള വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല.
Read More: കൊൽക്കത്ത വ്യാജ വാക്സിനേഷൻ ഡ്രൈവ്; പിടിച്ചെടുത്ത വാക്സിനുകള്‍ പരിശോധിക്കും
തുടര്‍ന്ന് എംപി പൊലീസില്‍ പരാതി നല്‍കിയതോടെ ദേബന്‍ജന്‍ ദേവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സ്റ്റിക്കര്‍ പതിപ്പിച്ച കാറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത മരുന്ന് വ്യാജമാണോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.